തിരുവനന്തപുരം:സംസ്ഥാനത്തെ ഒരുകോടി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവിരങ്ങള്‍ ചോര്‍ന്നു. ഉടമകളുടെ മേല്‍വിലാസവും മൊബൈല്‍ നമ്പറും അടങ്ങിയ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വിവരശേഖരമാണ് ചോര്‍ന്നിരിക്കുന്നത്. ഇടനിലക്കാരായ കമ്പനിയുടെ വെബ്‌സൈറ്റിലാണ് ഈ വിവരങ്ങള്‍ പ്രസീദ്ധീകരിച്ചത്. സംഭവത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് നടപ്പാക്കുന്ന 'വാഹന്‍ സാരഥി' എന്ന ഓണ്‍ലൈന്‍ സംവിധാനത്തിന് കൈാറിയ വിവരങ്ങളാണ് ചോര്‍ന്നത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഏത് വാഹനത്തെക്കുറിച്ചുമുള്ള വിവരം ഈ വെബ്‌സൈറ്റില്‍ ഉണ്ട്. മറ്റു സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 20 കോടി വാഹനങ്ങളുടെ വിവരങ്ങള്‍ ശെകവശമുണ്ടെന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. 

മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴയുടെ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. എല്ലാ സുരക്ഷാ സംവിധാനങ്ങളും തകര്‍ത്താണ് ഓണ്‍ലൈന്‍ വാഹനവില്‍പ്പനക്കമ്പനിക്ക് രേഖകള്‍ കിട്ടിയത്. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററാണ് മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി വിവരശേഖരം ഒരുക്കിയത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ചോര്‍ന്നത് ഡ്യൂപ്ലിക്കേഷനടക്കമുള്ള ഗുരതരമായ ക്രമക്കേടുകള്‍ക്ക് സഹായകമാകും. വെബ്‌സൈറ്റില്‍ നിന്ന് വിവരങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിണ്ട്.