മുംബൈ: ട്രാഫിക് സിഗ്നല്‍ പാലിക്കാന്‍ പൊതുവേ മടിയുള്ളവരാണ് ഇന്ത്യക്കാര്‍. ട്രാഫിക് നിയമങ്ങളുടെ ലംഘനംമൂലം നിരവധി അപകടങ്ങളാണ് ദിനം പ്രതി നടക്കുന്നത്. സിഗ്നല്‍ ലൈറ്റ് നോക്കാതെയും സൈന്‍ ബോര്‍ഡുകള്‍ നോക്കാതെയും അലക്ഷ്യമായി വണ്ടിയോടിക്കുന്നവര്‍ നിരവധിയുണ്ട്. അത്തരമൊരു ബൈക്ക് യാത്രികന് കിട്ടിയ എട്ടിന്‍റെ പണിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മുംബൈയിലെ വാസൈയിലാണ് സംഭവം. റോഡില്‍ റെഡ് സിഗ്നല്‍ വീണ് കിടക്കുന്ന സമയത്ത് ബൈക്ക് യാത്രകന്‍ സീബ്രാ ലൈനിന് മുകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് പോകാനാവാതെ ബൈക്ക് നിര്‍ത്തി. പലരും വഴിമാറി നടന്നെങ്കിലും റോഡ് മുറിച്ച് കടന്ന ഒരു യുവാവ് ബൈക്ക് യാത്രികന് പണി കൊടുത്തു. കൃത്യം ലൈനിലൂടെ നടന്ന യുവാവ് ബൈക്കിനടുത്തെത്തിയപ്പോള്‍ മാറി നടക്കാതെ ബൈക്കിന് മുകളിലൂടെ ചവിട്ട് അപ്പുറത്തേക്ക് കടക്കുകയായിരുന്നു. 

അമ്പരന്ന് നിന്ന ബൈക്ക് യാത്രികനെ യുവാവ് ട്രാഫിക് നിയമം പാലിക്കാന്‍ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്തായാലും യുവാവിന്‍റെ പ്രവൃത്തി ഫലം കണ്ടു. ബൈക്ക് യാത്രികന്‍ സീബ്രാ ലൈനില്‍ നിന്ന് പിറോക്ട്ട് ബൈക്ക് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.