രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ കീഴിലുള്ള ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍ മുംബൈയില്‍ സ്ഥാപിച്ചു. വിക്രോലിയില്‍ സ്ഥാപിച്ച ഈ ചാര്‍ജിങ് സ്‌റ്റേഷന് മുംബൈയിലെ ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍ എന്ന പ്രത്യേകതയുമുണ്ട്.

ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജിങ്ങ് പോയന്റുകളും ജനങ്ങള്‍ക്ക് സുപരിചിതമാക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ പവറിന്റെ നീക്കങ്ങള്‍. പെട്രോള്‍ പമ്പുകള്‍ക്ക് സമാനമായിട്ടാവും ടാറ്റ പവര്‍ ഇലക്ട്രിക് സ്റ്റേഷന്റെയും പ്രവര്‍ത്തനം. തുടര്‍ന്ന് മുംബൈയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ചാര്‍ജിങ്ങ് സ്റ്റേഷന്‍ വ്യാപിപ്പിക്കും. ടാറ്റയുടെ ജനപ്രിയ വാഹനം ടിയാഗോ ഇലക്ട്രിക് പതിപ്പില്‍ പുറത്തിറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ നിരത്തിലിറങ്ങിയ ടാറ്റ ടിയാഗോ പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ വിപണിപിടിച്ചിരുന്നു. 84ബിഎച്ച്പിയും 114എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ റെവട്രോൺ പെട്രോൾ എൻജിന്‍, 69ബിഎച്ച്പിയും 140എൻഎം ടോർക്കും നൽകുന്ന 1050സിസി ത്രീ സിലിണ്ടർ റെവോടോർക്ക് ഡീസൽ എൻജിൻ എന്നിവ ടിയാഗോക്ക് കരുത്ത് പകരുന്നു.

ഇലക്ട്രിക്ക് ടിയാഗോയുടെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ചെലവ് കുറഞ്ഞ മോഡിഫൈഡ് X0 പ്ലാറ്റ്ഫോമിലാണ് ടിയാഗോ ഇലക്ട്രിക്കിന്റെ നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്‍സെപ്റ്റില്‍ മാത്രം ഒതുങ്ങിയ ബോള്‍ട്ട് EV-യുടെ അതേ മോട്ടോര്‍ ടിയാഗോയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 80kW ഇലക്ട്രിക് മോട്ടോറായിരിക്കും വാഹനത്തിനു കരുത്ത് പകരുക. പരമാവധി 240 എന്‍എം ടോര്‍ക്കേകാന്‍ ഇലക്ട്രിക് മോട്ടോറിന് സാധിക്കും. മണിക്കൂറില്‍ 135 കിലോമീറ്ററാകും പരമാവധി വേഗത. ഒറ്റ ചാര്‍ജില്‍ പരമാവധി 100 കിലോമീറ്റര്‍ ദൂരം പിന്നിടും.

ഇപ്പോള്‍ ഇന്ത്യയിലുള്ള ഇലക്ട്രിക് വാഹന മോഡലുകളായ മഹീന്ദ്ര e2o, E സുപ്രോ, E വെരിറ്റോ എന്നിവ നിശ്ചിത തുക അടച്ച് ഇവിടെനിന്നും ചാര്‍ജ് ചെയ്യാം. നിലവില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണയില്‍ ലഭ്യമായിട്ടുള്ളത്. ഇവ വിപണിയില്‍ വേണ്ടത്ര ക്ലച്ച് പിടിച്ചിട്ടില്ല. ടാറ്റയുടെ വരവോടെ ഇലക്ട്രിക് ഗണത്തില്‍ വിപ്ലവമാകും സംഭവിക്കുകയെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

അടുത്ത വര്‍ഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ യൂറോപ്യന്‍ വിപണിയിലെത്തിയ ശേഷമേ മാതൃരാജ്യമായ ഇന്ത്യയിലേക്ക് ടിയായോ ഇലക്ട്രിക് എത്താനിടയുള്ളു. ഗ്രേറ്റ് നോയിഡയില്‍ നടക്കുന്ന 2018 ഓട്ടോ എക്സ്പോയില്‍ കണ്‍സെപ്റ്റ് മോഡല്‍ പരിചയപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടാറ്റ പവര്‍ ഇലക്ട്രിക് സ്റ്റേഷന് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലായിരം ചാര്‍ജിങ്ങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നുണ്ട്. ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള എന്‍ര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡ്. 2030 ഓടെ രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വാഹന നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നാണ് സമീപകാലത്തെ റിപ്പോര്‍ട്ടുകള്‍. ഈ നീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പകരമായി പതിനായിരം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍ക്ക് വേണ്ടി 10,000 ഓളം ഇലക്ട്രിക്ക് വാഹനങ്ങളാണ് വാങ്ങുന്നത്. എന്തായാലും രാജ്യത്തെ പെട്രോള്‍ - ഡീസല്‍ വാഹന വിപണിക്ക് അധികകാലം ആയുസ്സില്ലെന്ന് ചുരുക്കം.