ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ സർക്കാർ കോടതിയിൽ നൽകിയ കണക്ക് പൊളിച്ചതോടെയാണ് സർക്കാർ കുടുങ്ങിയത്.
തിരുവനന്തപുരം : എ ഐ ക്യാമറ വെച്ച ശേഷമുള്ള അപകടങ്ങളുടെ കണക്കിലെ പൊരുത്തക്കേടുകൾ പുറത്തുവന്നതോടെ ഗതാഗതമന്ത്രിയും സർക്കാറും വെട്ടിലായി. എഐ ക്യാമറ വെച്ചതോടെ സംസ്ഥാനത്ത് വാഹന അപകടങ്ങളും മരണവും കുറഞ്ഞുവെന്നായിരുന്നു സർക്കാറിൻറെ വലിയ അവകാശവാദം. ക്യാമറ വെച്ചതിന് പിന്നാലെ ഓഗസ്റ്റ് മാസത്തെ കണക്കുകൾ ഹൈക്കോടതിയിലും ഉന്നയിച്ചു. എന്നാൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ സർക്കാർ കോടതിയിൽ നൽകിയ കണക്ക് പൊളിച്ചതോടെയാണ് സർക്കാർ കുടുങ്ങിയത്.
ഓഗസ്റ്റിൽ 1065 അപകടങ്ങളുണ്ടായി, 58 പേർ മരിച്ചെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ കണക്ക്. എന്നാൽ ഓഗസ്റ്റിലെ പൂർണ്ണായ കണക്കുകൾ പുറത്തുവരുമ്പോൾ അപകടങ്ങളുടെ എണ്ണം 4000. മരണമാകട്ടെ 353. അതായത് കഴിഞ്ഞ ഓഗസ്റ്റിലെ 307 മരണത്തെക്കാൾ കൂടുതൽ. ഓഗസ്റ്റ് മാസത്തെ കണക്ക് പൂർണ്ണമായും പുറത്തും വരും മുമ്പ് കോടതിയിൽ റിപ്പോർട്ട് നൽകിയതാണ് കാരണെന്ന് മോട്ടോർ വാഹനവകുപ്പ് വീശദീകരിക്കുന്നു.
ആ മാസം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ പിന്നീട് മരണമടയുന്നത് കൊണ്ടാണിതെന്നും പറയുന്നു. പക്ഷെ അങ്ങിനെ എങ്കിൽ എന്ത് കൊണ്ട് ഒരു മാസത്തെ പൂർണ്ണമായ കണക്കല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചില്ലെന്നതാണ് പ്രധാന ചോദ്യം. മാത്രമല്ല മരണനിരക്ക് കുറഞ്ഞെന്ന് എഐ ക്യാമറയുടെ ക്രെഡിറ്റായി എന്ത് കൊണ്ട് ഗതാഗതമന്ത്രി അടക്കമുള്ളവർ ഉയർത്തിക്കാട്ടിയെന്നതിനും ഉത്തരമില്ല.
ക്രൈം റെക്കോർഡ് സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം ക്യാമറ വെച്ചതിന് ശേഷം ജൂൺ-ജൂലൈ മാസങ്ങളിൽ മരണനിരക്കിൽ നേരിയ കുറവുണ്ടായെങ്കിലും അപകടം കുറഞ്ഞിട്ടില്ല. അതേ സമയം ആഗസ്റ്റിൽ അപകട നിരക്കിനൊപ്പം മരണനിരക്കിലും പരിക്കേറ്റവരുടെ എണ്ണത്തിലും ഉണ്ടായത് വർദ്ധനവ്. തെറ്റായ കണക്ക് കോടതിയെ അറിയിച്ച സാഹചര്യത്തിൽ ഗതാഗതമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കൊട്ടിഘോഷിച്ച് ക്യാമറ വെച്ച് അഞ്ച് മാസമായിട്ടും വൻ തുക പിഴ ഈടാക്കുന്നതല്ലാതെ അപകടത്തിൽ കുറവുണ്ടായില്ലെന്നതാണ് വാസ്തവം.
