Asianet News MalayalamAsianet News Malayalam

ഞങ്ങള്‍ക്കും വേണം ഇന്നോവ ക്രിസ്റ്റ; വിചിത്ര ആവശ്യവുമായി ഒരുകൂട്ടം എംഎല്‍എമാര്‍

  • തങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ വേണം
  • ആവശ്യവുമായി നാഗാലാന്‍ഡ് എംഎല്‍എമാര്‍
Nagaland MLAs Demand Toyota Innova Crysta Cars

ദില്ലി: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയോട് അധികാര കേന്ദ്രങ്ങള്‍ക്കുള്ള പ്രിയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാഹനലോകത്തെ സജീവ വാര്‍ത്തകളിലൊന്നാണ്. ഇപ്പോഴിതാ ആ വാര്‍ത്തകളെ അരക്കിട്ടുറപ്പിക്കുകയാണ് നാഗാലാന്‍ഡില്‍ നിന്നുള്ള വാര്‍ത്തകള്‍. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും മുമ്പെ തങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നാഗാലാന്‍ഡിലെ ഒരു കൂട്ടം എംഎല്‍എമാര്‍.

പ്രതിപക്ഷ കക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ 27 എം.എല്‍.എമാരില്‍ 11 പേരാണ് ഈ ആവശ്യം ഉന്നയിച്ച് അസംബ്ലി കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നിവേദനവും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാര്‍ക്ക് റെനോ ഡസ്റ്റര്‍ വാഹനം നല്‍കാന്‍ അസംബ്ലി സെക്രട്ടേറിയേറ്റ് തീരുമാനിച്ചെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരുടെ കൂട്ടായ നീക്കമെന്നതാണ് മറ്റൊരു രസകരമായ കാര്യം. ഇന്നോവ ക്രിസ്റ്റുടെ ടോപ് മോഡല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.

സംസ്ഥാനത്തെ റോഡുകള്‍ക്ക് കൂടുതല്‍ അനുയോജ്യമായത് ഇന്നോവ ക്രിസ്റ്റയാണെന്നും പരിപാലന ചെലവുകള്‍ മുന്‍നിര്‍ത്തിയാണ് ഡെസ്റ്റര്‍ വേണ്ടെന്ന് വെച്ചതെന്നുമാണ് എം.എല്‍.എമാരുടെ വിശദീകരണം.  റെനോ ഡസ്റ്ററിന് 13 ലക്ഷത്തോളം രൂപയാണ് വില. ഇന്നോവ ക്രിസ്റ്റ മോഡലിനാവട്ടെ വില 25 ലക്ഷത്തോളം വരും. 2003 മുതല്‍ ഭരണപക്ഷത്തായിരുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ട് നേരത്തെ ബി.ജെ.പി സഖ്യത്തിലായിരുന്നു. ഇക്കുറി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്ന് ബി.ജെ. പി അധികാരത്തിലെത്തി.  എന്നാല്‍ പുതിയ എം.എല്‍.എ.മാര്‍ക്ക് വാഹനം നല്‍കുന്നത് സംബന്ധിച്ച എന്തെങ്കിലും ശുപാര്‍ശ സഭാസെക്രട്ടേറിയറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല.

ഒരുകാലത്ത് അംബാസിഡര്‍ കാറുകള്‍ അടക്കിഭരിച്ചിരുന്ന സര്‍ക്കാര്‍ വാഹനങ്ങളുടെ സ്ഥാനത്തേക്ക് ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയെന്ന മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ ഓടിക്കയറിയത് വളരെ പെട്ടെന്നായിരുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ വാങ്ങിക്കൂട്ടിയത് 25 ഇന്നോവ ക്രിസ്റ്റ കാറുകളാണെന്ന വാര്‍ത്തയും വന്‍ വിവാദമായിരുന്നു.

ടൊയോട്ടയുടെ ഇന്ത്യയിലെ വിൽപ്പന വിജയം നേടിയ ക്വാളിസിനു പകരം 2005 ലാണ് ഇന്നോവ വിപണിയിലെത്തിയത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.

വി.എന്‍.ടി ഇന്റര്‍കൂളര്‍ ഉള്ള 2.4 ലിറ്റര്‍ ജി.ഡി ഫോര്‍ സിലിണ്ടര്‍, ഡ്യുവല്‍ വി.വി.ടി.ഐ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. മാനുവല്‍, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഒപ്പം ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റുകള്‍. ഇപ്പോള്‍ ഒരു ഫുള്‍ ഓപ്ഷന്‍ ഡീസല്‍ മോഡല്‍ കിട്ടണമെങ്കില്‍ ഏകദേശം 26 ലക്ഷത്തിന് മേലെ ചിലവാകും. 25 ലക്ഷത്തിന് മുകളിലാണ് പെട്രോള്‍  മോഡലിന് വില.

 

Follow Us:
Download App:
  • android
  • ios