Asianet News MalayalamAsianet News Malayalam

' സാധാരണക്കാരന്‍റെ കാർ ' ഇനി ഇല്ല

  • ഈ ജൂണിലാകട്ടെ നിർമിച്ചത് ഒരൊറ്റ നാനോ കാർ. ഒരു കാർ പോലും കയറ്റിയയച്ചില്ല.
nano stop the production
Author
First Published Jul 12, 2018, 8:03 AM IST

മുംബൈ:  ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറെന്ന ഖ്യാതിയുമായെത്തിയ ടാറ്റാ നാനോ ഉൽപാദനം നിർത്തുന്നു. ഈ ജൂണിൽ ഒരു കാർമാത്രമാണ് ഉണ്ടാക്കിയത്. ഒറ്റവണ്ടിപോലും കയറ്റിയയച്ചതുമില്ല.

കാർ വിപണിയിൽ വിപ്ലവം ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു 10 കൊല്ലം മുമ്പ് രത്തൻ ടാറ്റ നാനോ അവതരിപ്പിച്ചത്. പശ്ചിമ ബംഗാളിൽ തുടങ്ങിയ പ്ലാന്‍റ് മമത ബാനർജി പൂട്ടിച്ചതോടെ നാനോ നിർമാണം ഗുജറാത്തിലെ സാനന്ദിലാക്കി. പക്ഷേ നാനോയ്ക്ക് നിരത്ത് കീഴടക്കാനായില്ല. വാങ്ങനാളില്ലാതായതോടെ കമ്പനി ഉൽപാദനം കുത്തനെ കുറച്ചു. 

കഴിഞ്ഞ ജൂണിൽ 375 കാർ മാത്രമാണ് ഉണ്ടാക്കിയത്. ഈ ജൂണിലാകട്ടെ നിർമിച്ചത് ഒരൊറ്റ നാനോ കാർ. ഒരു കാർ പോലും കയറ്റിയയച്ചില്ല. കഴിഞ്ഞ വർഷം ജൂണിൽ 25 കാർ കയറ്റിയയച്ചിരുന്നു. ഈതേ നിലയിൽ 2019 നപ്പുറം പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് കമ്പനി വ്യക്തമാക്കി. സാധാരണക്കാരന്‍റെ കാർ എന്നായിരുന്നു നാനോയുടെ ടാഗ്ലൈൻ. 

തുടക്കത്തിൽ ഒന്നര ലക്ഷത്തിൽ താഴെയേ വിലയുണ്ടായിരുന്നെങ്കിലും ഗുണമേൻമയില്ലാത്ത വണ്ടി ജനം തള്ളക്കളഞ്ഞു. വില കുറക്കുന്നതിനായി ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ നിർമാണത്തിന് ഉപയോഗിച്ചതാണ് നാനോക്ക് വിനയായത്. സുരക്ഷയുടെ കാര്യത്തിലും നാനോ പിന്നിലായിരുന്നു.

 പെട്ടെന്ന് തീപിടിക്കുന്നുവെന്ന പരാതിയും ഉയർന്നു. വാഹന വിപണി അനുദിനം വളരുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസൂക്കി പുതിയ മോഡലിന്‍റെ ഉൽപാദനം 40 ശതമാനമാണ് ഇക്കുറി ഉയർത്തിയത്. അപ്പോഴാണ് രാജ്യത്തെ മധ്യവർഗത്തിന്‍റെ ഇഷ്ട വാഹനമാകുമെന്ന പ്രതീക്ഷയിലെത്തിയ നാനോ അകാല ചരമമടയുന്നത്.

Follow Us:
Download App:
  • android
  • ios