ഗ്ലാമര്‍ ലുക്കില്‍ എത്തുന്ന പുത്തന്‍ സ്‍പോര്‍ട്സ് എഡിഷന്‍ സ്വിഫ്റ്റാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാഹനലോകത്തെ സജീവ ചര്‍ച്ചാവിഷയം. നേരത്തെ പുറത്തു വന്ന ചിത്രങ്ങള്‍ക്കൊപ്പം ഇപ്പോള്‍ വാഹനത്തിന്‍റെ എന്‍ജിന്‍ പ്രത്യേകതകളും മൈലേജും അടക്കമുള്ള വിവരങ്ങളും വാഹനപ്രേമികള്‍ കൗതുകത്തോടെയാണ് പങ്കു വക്കുന്നത്.

മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ കടും മഞ്ഞ നിറത്തില്‍ അണിയിച്ചൊരുക്കിയാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ വരവ്. അടിസ്ഥാന മോഡലില്‍ നിന്ന് വ്യത്യസ്തമായി മുന്നിലെയും പിന്നിലെയും ബംമ്പര്‍, ഗ്രില്‍ എന്നിവയുടെ ഡിസൈനില്‍ മാറ്റമുണ്ട്. 1.4 ലിറ്റര്‍ കെ14സി ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ ചാര്‍ജ്ഡ് 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും സ്വിഫ്റ്റ് സ്‍പോര്‍ട്ടിന് കരുത്തു പകരുക. 5500 ആര്‍പിഎമ്മില്‍ 148 ബിഎച്ച്‍പി കരുത്ത് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. 1500-4000 ആര്‍പിഎമ്മില്‍ 245 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക്ക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ട്രാന്‍സ്മിഷന്‍.

നിലവിലെ മോഡലിനേക്കാള്‍ 90 കിലോഗ്രാം കുറവായിരിക്കും സ്‍പോര്‍ട്ടിനുണ്ടാകുക. മാനുവല്‍ വേരിയന്റിന് 970 കിലോഗ്രാം ഭാരവും ഓട്ടോമാറ്റിക്കിന് 990 കിലോഗ്രാം ഭാരവുമായിരിക്കും. മാനുവല്‍ ട്രാന്‍സ്‍മിഷനില്‍ 16.4 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 16.2 കിലോമീറ്ററുമായിരിക്കും മൈലേജ്. സാധാരണ മോഡല്‍ പോലെ തന്നെ 1735 എംഎം തന്നെയായിരിക്കും വലുപ്പം. ഏകദേശം പത്തു ലക്ഷം രൂപയില്‍ അധികമായിരിക്കും വില. അടുത്തമാസം ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ സ്വിഫ്റ്റ് സ്പോര്‍ട്ടിനെ സുസുക്കി ലോകത്തിന് പരിചയപ്പെടുത്തിയേക്കും.