Asianet News MalayalamAsianet News Malayalam

മുഖംമിനുക്കിയ പുത്തന്‍ ബെന്‍സ് സി ക്ലാസ് കേരളത്തിലും

മുന്‍ മോഡലില്‍ നിന്ന് നിരവധി പരിഷ്കാരങ്ങള്‍ വാഹനത്തെ വേറിട്ടതാക്കുന്നു. പുതിയ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, കൂടുതല്‍ സ്‌റ്റൈലിഷായ ഗ്രില്ലുകള്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ പുതുമകള്‍ വാഹനത്തിന്‍റെ മോടി കൂട്ടിയിരിക്കുന്നു.

new benz c class in kerala
Author
Kerala, First Published Sep 21, 2018, 1:21 PM IST

തിരുവനന്തപുരം: ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സിന്‍റെ  സി ക്ലാസ് സെഡാന്‍റെ പരിഷ്കരിച്ച പതിപ്പ് കേരള വിപണിയിലുമെത്തി. കഴിഞ്ഞദിവസം തിരുവനന്തപുരം രാജശ്രീ ബെന്‍സില്‍ നടസില്‍ നടന്ന ചടങ്ങില്‍ രാജശ്രീ മോട്ടോഴ്‌സ് സിഇഒ രാജീവ് മേനോനും രാഘവേന്ദ്ര ശിവകുമാറും ചേര്‍ന്ന് പുതിയ സി ക്ലാസ് വിപണിയില്‍ അവതരിപ്പിച്ചു.

കൂടുതല്‍ കരുത്തനായാണ് പുത്തന്‍ സി-ക്ലാസ് എത്തുന്നത്.  മുന്‍ മോഡലില്‍ നിന്ന് നിരവധി പരിഷ്കാരങ്ങള്‍ വാഹനത്തെ വേറിട്ടതാക്കുന്നു. പുതിയ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, കൂടുതല്‍ സ്‌റ്റൈലിഷായ ഗ്രില്ലുകള്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ പുതുമകള്‍ വാഹനത്തിന്‍റെ മോടി കൂട്ടിയിരിക്കുന്നു.

C220d പ്രൈം, C220d പ്രോഗ്രസ്സീവ്, C300d AMG എന്നീ മൂന്ന് വകഭേദങ്ങളുണ്ട് പുത്തന്‍ സി ക്ലാസിന്. ബിഎസ്-6 നിലവാരത്തിലുള്ള പുതിയ ഡീസല്‍ എന്‍ജിനാണ് പുത്തന്‍ സി-ക്ലാസിന്‍റെ ഹൃദയം. സി220ഡിയില്‍ 192 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും ഈ ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 6.9 സെക്കന്‍ഡുകള്‍ മാത്രം മതി ഈ എഞ്ചിന്. 

സി-300ഡി മോഡലിലെ ഡീസല്‍ എന്‍ജിന്‍ 241 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.9 സെക്കന്‍ഡ് മതിയാകും ഈ എഞ്ചിന്. രണ്ട് എഞ്ചിനുകളിലും 9 സ്പീഡ് ജി-ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

പുതിയ ഡിസൈനിലുള്ള സ്റ്റിയറിങ് വീല്‍, 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയവ ഉള്‍വശം വേറിട്ടതാക്കുന്നു. ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് എയര്‍ ബാഗുകള്‍, അഡാപ്റ്റീവ് ബ്രേക്കിങ് സിസ്റ്റം തുടങ്ങിയവ സുരക്ഷ ഉറപ്പുവരുത്തുന്നു. ഉയര്‍ന്ന വകഭേദമായ എഎംജിയില്‍ ആക്ടീവ് പാര്‍ക്കിങ് അസിസ്റ്റ് സംവിധാനവുമുണ്ട്. പുതിയ സില്‍വര്‍ നിറത്തിലും 2018 സി ക്ലാസ് ബെന്‍സ് ലഭ്യമാകും. 

40 ലക്ഷം മുതല്‍ 48.50 ലക്ഷം വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില.  ബിഎംഡബ്ല്യു ത്രീ സീരീസ്, ഔഡി എ4, വോള്‍വേ എസ് 60 തുടങ്ങിയവരാണ് കേരളത്തില്‍ സി ക്ലാസിന്‍റെ മുഖ്യഎതിരാളികള്‍. 
"

Follow Us:
Download App:
  • android
  • ios