പുത്തന്‍ ബിഎംഡബ്ല്യു പൂജാ സാധനങ്ങളില്‍ നിന്ന് തീ പിടിച്ച് കത്തിചാരമായി

ജിയാങ്സു സിറ്റി: ഏറെ ആഗ്രഹിച്ച് വാങ്ങിയ ബിഎംഡബ്ല്യുവിന്റെ വീട്ടിലേക്കുള്ള വരവ് ആഘോഷമാക്കാനാണ് യുവാവ് പൂജ സംഘടിപ്പിച്ചത്. പക്ഷേ പൂജയ്ക്കൊടുവില്‍ ബിഎംഡബ്ല്യുവിന് തീപിടിച്ച് കത്തി ചാരമാകുമെന്ന് ആരും വിചാരിച്ചില്ലെന്ന് മാത്രം. ചൈനയിലെ ജിയാങ്സു നഗരത്തിലാണ് സംഭവം നടക്കുന്നത്. 50 ലക്ഷം രൂപ ചെലവിട്ടാണ് യുവാവ് ഏറെകാലമായുള്ള സ്വപ്നമായ ബിഎംഡബ്ല്യു വീട്ടിലെത്തിച്ചത്.

കാറിന് ചുറ്റും പൂജാവസ്തുക്കള്‍ വച്ച് ആരാധന നടക്കുന്നതിനിടയിലാണ് സാമ്പ്രാണിത്തിരിയില്‍ നിന്നുമാണ് ആഡംബര വാഹനത്തിന് തീ പിടിക്കുന്നത്. ചുവന്ന തുണിയില്‍ വച്ച് സുഗന്ധവസ്തുക്കള്‍ പുകയ്ക്കുന്നതിനിടെയാണ് തീ പടര്‍ന്നത്. പൂജയില്‍ പങ്കെടുത്ത വീട്ടുകാര്‍ കാറിന് ചുറ്റും സാമ്പ്രാണിത്തിരി വച്ചത് യുവാവ് ശ്രദ്ധിച്ചിരുന്നില്ല. 

തീ പിടിച്ച് കുറഞ്ഞ സമയത്തില്‍ ബിഎംഡബ്ല്യു കത്തി ചാരമായി. വീഡിയോ ഫേസ്ബുക്കില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അഗ്നിശമന സേനയുടെ പെട്ടന്നുള്ള ഇടപെടലാണ് സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപിടിക്കുന്നത് ഒഴിവാക്കിയത്.