പണ്ടൊക്കെ പുതിയൊരു കാർ വാങ്ങിയാൽ ഡ്രൈവിംഗ് മാത്രം അറിഞ്ഞാല്‍ മതിയായിരുന്നു. നേരെ കയറിയങ്ങ് ഓടിക്കാം. എന്നാല്‍ ഇപ്പോള്‍ കാലവും കഥയുമൊക്കെ മാറി. അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ് ഇപ്പോള്‍ പല കാറുകളും എത്തുന്നത്. ഈ സാങ്കേതിക വിദ്യകളെപ്പറ്റി അറിയാതെ വണ്ടി ഓടിക്കാന്‍ അറിഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ല. അതുകൊണ്ട് പുതിയ കാറുകളില്‍ കയറുന്നതിനു മുമ്പ് ചില സാങ്കേതിക വിദ്യകളെപ്പറ്റി ഒന്ന് അറിഞ്ഞിരിക്കാം.
1. എച്ച്എസി/ഡിഎസി
ഹിൽ–സ്റ്റാര്‍ട്ട് അസിസ്റ്റ് കൺട്രോൾ, ഡൗൺ ഹിൽ അസിസ്റ്റ് കൺട്രോൾ എന്നിവ ബ്രേക്കിൽ നിന്ന് കാലെടുത്താലും ബ്രേക്ക് ഫ്ളൂയിഡ് മർദ്ദം നിയന്ത്രണത്തിലാക്കി വാഹനത്തെ സുരക്ഷിതമാക്കാൻ സാങ്കേതിക വിദ്യയാണ്. കുത്തനെയുള്ള മല കയറുമ്പോളും ഇറങ്ങുമ്പോഴും പിന്നിലേക്കോ മുന്നിലേക്കോ നിരങ്ങി വീഴില്ലെന്ന് ഉറപ്പ്.
2. എബിഎസ്
വേഗത്തിൽ വരുന്ന വാഹനം സഡൻ ബ്രേക്കിടുകയാണെങ്കിൽ ബ്രേക്കിന്റെ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽമെന്നില്ല, പകരം തെന്നി നീങ്ങി മറ്റ് വാഹനങ്ങളിൽ ചെന്നിടിക്കും. ഇതു തടയുകയാണ് എബിഎസ് അഥവാ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തിന്‍റെ ധര്‍മ്മം. സെൻസറുകൾ, ഇലക്ട്രോണിക്ക് കൺട്രോൾ യൂണിറ്റ്, ഹൈഡ്രോളിക്ക് വാൽവുകൾ, പമ്പ് എന്നിവ എബിഎസിന്‍റെ ഭാഗമാണ്.
3. ഇബിഡി/ഇഎസ്സി/ ടിആർസി
എബിഎസിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനങ്ങൾ ബ്രേക്കിംഗ് സമയത്ത് വീൽ ലോക്കാകാതെ തടയുന്നു. ഒപ്പം വേഗം നിയന്ത്രിച്ച് അപകടരഹിതമാക്കുന്നു. സ്റ്റിയറിംഗ് വീൽ ആംഗിൾ സെൻസറും ഗൈറോസ്കോപിക് സെൻസറുമൊക്കെ വാഹനത്തിന്റെ നിയന്ത്രണം വിട്ടുപോകുന്നത് തിരിച്ചറിഞ്ഞ് വാഹനത്തെ നിയന്ത്രണത്തിൽ നിർത്തുന്നു. ട്രാക്ഷൻ കണ്‍ട്രോൾ സിസ്റ്റം വീലിന്റെ കറക്ക വ്യത്യാസം തിരിച്ചറിഞ്ഞ് വാഹനത്തിന് നിയന്ത്രണം സാധ്യമാക്കും.
