റോയല്‍ എന്‍ഫീല്‍ഡിനെ വീണ്ടും കളിയാക്കി ഡൊമിനര്‍ പരസ്യം ഇത്തവണ പരിഹാസം വെളിച്ചക്കുറവിനെതിരെ

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റുകളെ ട്രോളി വീണ്ടും ബജാജ് ഡൊമിനറിന്‍റെ പരസ്യം. ആനയെപ്പോറ്റുന്നത് നിര്‍ത്തൂ എന്ന തലവാചകത്തോടെ ആഭ്യന്തര ബൈക്ക് നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ബജാജ് എന്‍ഫീല്‍ഡിനെ കളിയാക്കുന്ന അഞ്ചാമത്തെ പരസ്യമാണിത്.

മുന്‍ പരസ്യങ്ങളിലെപ്പോലെ തന്നെ ആനപ്പുറത്തിരിക്കുന്ന റൈഡര്‍മാര്‍ക്കൊപ്പം ബുള്ളറ്റിന്‍റെ ശബ്ദമാണ് ഇത്തവണയും ബജാജ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇരുട്ടില്‍ ആനപ്പുറത്തിരുന്നു മുന്നോട്ടു പോകാന്‍ പ്രയാസപ്പെടുകയാണ് പരസ്യത്തിലെ റൈഡര്‍മാര്‍. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് വെളിച്ചക്കുറവാണെന്ന് ഇതിലൂടെ പറയാതെ പറയുകയാണ് ബജാജ്. ഹെ‍ഡ് ലൈറ്റിന് വെളിച്ചു കുറവുള്ള ബൈക്ക് ഓടിച്ച് ഇരുട്ടിൽ തപ്പാതെ എൽഇഡിയുടെ കണ്ണഞ്ഞിപ്പിക്കുന്ന പ്രകാശമുള്ള ബജാജ് ‍ഡോമിനർ സ്വന്തമാക്കൂ എന്നാണ് പരസ്യത്തിന്‍റെ ആഹ്വാനം.

റോയൽ എൻഫീൽഡ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞ് 2017 ആഗസ്തില്‍ ബജാജ് ആദ്യം പുറത്തിറക്കിയ പരസ്യം ഏറെ വിമർശനക്കു വിധേയമായിരുന്നു. പരിപാലനചിലവ് കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്റ്റൈലുമുള്ള ഡോമിനർ സ്വന്തമാക്കു എന്നു പറയുന്ന ബജാജിന്റെ ഈ പരസ്യം എൻഫീൽഡ് ആരാധകരുടെ പരിഹാസം കണക്കിന് ഏറ്റു വാങ്ങിയിരുന്നു. ഡൊമിനറിനെ ട്രോളുന്ന നിപവധി വീഡിയോകളും ബുള്ളറ്റ് ആരാധകര്‍ പുറത്തിറക്കി. അതിനെ തുടർന്ന് മൂന്നു പരസ്യങ്ങള്‍ കൂടി കമ്പനി പുറത്തിറക്കി. ബ്രേക്കില്ലാത്ത വണ്ടി, എളുപ്പം സ്റ്റാര്‍ട്ടാകാത്ത വണ്ടി, ടോര്‍ക്കില്ലാത്ത വണ്ടി എന്നിങ്ങനെയായിരുന്നു ഓരോ പരസ്യത്തിലെയും കളിയാക്കലുകള്‍. ഒപ്പം സോഷ്യല്‍മീഡിയയെ പരിഹസക്കുന്ന മൂന്നു പരസ്യങ്ങളും ബജാജ് പുറത്തിറക്കിയിരുന്നു.

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനര്‍ 400 കഴിഞ്ഞ 2016 ഡിസംബര്‍ ഒടുവിലാണ് വിപണിയിലെത്തിയത്. പൾസർ സീരിസിനു മുകളിലുള്ള ഡോമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ. ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാള്‍വ് ഡി ടി എസ് ഐ എന്‍ജിനോട്കൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയം ബൈക്കിംഗ് ശ്രേണിയിലെ ആദ്യത്തേതാണ്.