കോനയ്‍ക്ക് പുറമേ ഹ്യുണ്ടായി അവതരിപ്പിക്കുന്ന ഇലക്ട്രിക് കാറായ അയോണിക്കിന്‍റെ പരീക്ഷണയോട്ടം തുടങ്ങി. ഹ്യുണ്ടായിയയുടെ ജന്മദേശമായ ദക്ഷിണ കൊറിയയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വലിയ ബമ്പര്‍, പുതിയ ഗ്രില്ലുകള്‍, ഫുള്‍ എല്‍ഇഡിയായുള്ള ഹെഡ്‌ലൈറ്റ്, ഫോഗ് ലാമ്പ്, ഡിആര്‍എല്‍, കോര്‍ണര്‍ ലൈറ്റുകള്‍,പുതിയ അലോയി വീലുകള്‍ തുടങ്ങിയവ വാഹനത്തെ വേറിട്ടതാക്കുന്നു.

281 വാട്‌സ് ലിഥിയം ബാറ്ററിയാണ് ഈ വാഹനത്തിന്‍റെ ഹൃദയം. 118 ബിഎച്ച്പി കരുത്തും 295 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തില്‍. ഈ ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 280 കിലോമീറ്റര്‍ ഓടാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.

വാഹനത്തിന്‍റെ പിന്നിലെ ബമ്പറിലും ടെയ്ല്‍ലാമ്പിലും മാറ്റമുണ്ട്. എന്നാല്‍ വശങ്ങളില്‍ കാര്യമായ മാറ്റങ്ങളില്ല. വാഹനത്തിന്‍റെ അകത്തളം സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാഹനം 2020-ഓടെ നിരത്തുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.