Asianet News MalayalamAsianet News Malayalam

പുത്തന്‍ സാന്‍ട്രോയുടെ ബുക്കിംഗ് തുടങ്ങി

കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഹ്യുണ്ടായിയുടെ പ്രയത്‌നമായ പുത്തന്‍ സാന്‍ട്രോയുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരിക്കുന്നു. ഒക്ടോബര്‍ പത്തുമുതല്‍ പുതിയ സാന്‍ട്രോയുടെ പ്രീബുക്കിംഗ് ഹ്യുണ്ടായി സ്വീകരിക്കും. 11,100 രൂപയാണ് ബുക്കിംഗ് തുക. 

New Hyundai Santro Bookings Opened
Author
Mumbai, First Published Oct 10, 2018, 12:36 PM IST

മുംബൈ:  ഒരുകാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്‍ടിച്ച ഹ്യുണ്ടായിയുടെ ഹാച്ച് ബാക്ക് സാന്‍ട്രോയുടെ മടങ്ങിവരവ് കഴിഞ്ഞകുറച്ചുകാലമായി വാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഒടുവില്‍ ആ ദിവസം എത്താറിയിക്കുന്നു. ഒക്ടോബര്‍ 23 ന് വാഹനം വിപണിയിലെത്തും. 

കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഹ്യുണ്ടായിയുടെ പ്രയത്‌നമായ പുത്തന്‍ സാന്‍ട്രോയുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരിക്കുന്നു. ഒക്ടോബര്‍ പത്തുമുതല്‍ പുതിയ സാന്‍ട്രോയുടെ പ്രീബുക്കിംഗ് ഹ്യുണ്ടായി സ്വീകരിക്കും. 11,100 രൂപയാണ് ബുക്കിംഗ് തുക. ഔദ്യോഗിക അവതരണവേളയില്‍ മാത്രമെ സാന്‍ട്രോയുടെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളൂ. പുത്തന്‍ സാന്‍ട്രോയ്ക്ക് ഏകദേശം 3.7 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം. 

ഇന്ത്യയിലെത്തിയതിന്‍റെ 20 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായാണ് ഹ്യുണ്ടായി പുതിയ ഹാച്ച്ബാക്ക് നിരത്തിലെത്തിക്കുന്നത്. മുമ്പ് നിരത്തിലുണ്ടായിരുന്ന സാന്‍ട്രോയില്‍ നിന്ന് നിരവധി മാറ്റങ്ങളാണ് പുതിയ വാഹനത്തിലുള്ളത്. ഏറെ ആകര്‍ഷകമായ മുന്‍വശമാണ് പുതിയ വാഹനത്തിലേത്. ഹ്യുണ്ടായിയുടെ പ്രീമിയം സെഡാനായ വെര്‍ണയില്‍ നല്‍കിയിരിക്കുന്നതിനോട് സമാനമായ വലിയ ഗ്രില്ലാണ് പ്രധാനമാറ്റം. 

മുന്‍ മോഡലുകളില്‍ ഗ്രില്ലിലുണ്ടായിരുന്ന ലോഗം ബോണറ്റിലേക്ക് സ്ഥാനം മാറ്റിയിട്ടുണ്ട്. വലിയ ഹെഡ്‌ലാമ്പും അതിന് താഴെയായി ഫോഗ് ലാമ്പ് നല്‍കിയിരിക്കുന്നതും മുന്‍ഭാഗത്തിന്റെ ഭംഗി ഉയര്‍ത്തുന്നു. താഴേക്ക് ഒഴുകിവീഴുംപോലുള്ള കമ്പനിയുടെ സിഗ്‌നേച്ചര്‍ കസ്‌കേഡിംഗ് ഗ്രില്ലാണ് സാന്‍ട്രോയില്‍ ഒരുങ്ങുന്നത്. ഹെഡ്‌ലാമ്പുകള്‍ക്ക് വലുപ്പം കുറച്ചു. പിറകിലേക്ക് ഒരല്‍പം വലിഞ്ഞ് സ്വെപ്റ്റ്ബാക്ക് ശൈലിയിലാണിത്. 

ഷോള്‍ഡര്‍ ലൈനും ഡുവല്‍ ടോണ്‍ സൈഡ് മിററും ബ്ലാക്ക് ഫിനീഷിങ് ബി പില്ലറുകളുമാണ് വശങ്ങളുടെ സൗന്ദര്യം. 3,610 mm നീളമുള്ള സാന്‍ട്രോയുടെ വീല്‍ബേസും കമ്പനി കൂട്ടിയിട്ടുണ്ട്. പഴയ സാന്‍ട്രോയെക്കാള്‍ 45 mm അധികനീളം പുതിയ മോഡല്‍ അവകാശപ്പെടും.

വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളിലൂടെ പ്രത്യേക വരകള്‍ ഹ്യുണ്ടായി രൂപകല്‍പന ചെയ്തിട്ടുണ്ട്. ഇത് വാഹനത്തിന്‍റെ പൌരഷം കൂട്ടുന്നു. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക്, വോയിസ് റെക്കഗ്‌നീഷന്‍ മുതലായ സംവിധാനങ്ങള്‍ ലഭിക്കും.

1.1 ലിറ്റര്‍ ഫോര്‍ സിലണ്ടര്‍ എന്‍ജിനായിരിക്കും പുതിയ വാഹനത്തില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് സ്പീഡ് മാനുവര്‍ ഗിയര്‍ബോക്സിനൊപ്പം എഎംടി ഗിയര്‍ബോക്സിലും ഇത് നിരത്തിലെത്തിക്കും. എയര്‍ബാഗ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളും ഈ വാഹനത്തിലുണ്ടാകും.

1998ലാണ് മാരുതി സുസുക്കിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ടോള്‍ബോയ് ഡിസൈനില്‍ സാന്‍ട്രോ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനത്തിന്‍റെ നിര്‍മ്മാണം  2014-ല്‍ ഹ്യുണ്ടായി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴും വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഈ ഹാച്ച്ബാക്കിന്റെതെന്നതാണ് രസകരമായ കാര്യം. ഒരു മാസം ഏകദേശം 2000 യൂണിറ്റ് എന്ന നിലയില്‍ ചൂടപ്പം പോലെ വിറ്റു പോയിരുന്ന വാഹനത്തെ ഹ്യുണ്ടായി തിരികെ വിളിച്ചതിനു പിന്നിലെ രഹസ്യം അടുത്തിടെ വെളിപ്പെടുത്തിയത് വാഹനത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറു കൂടിയായ ഷാരൂഖ് ഖാനാണ്. സുരക്ഷാ പ്രശ്നങ്ങള്‍ മൂലമാണ് വാഹനം പിന്‍വലിച്ചതെന്നാണ് ഷാരൂഖ് തുറന്നുപറഞ്ഞത്.

Follow Us:
Download App:
  • android
  • ios