ദില്ലി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ജനപ്രിയ മോഡലായ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് വരുന്നു. ചൈനയില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്‍ ഉടന്‍ ഇന്ത്യയിലുമെത്തും. ചെറിയ വൈദ്യുതി വാഹനങ്ങളുടെ ചൈനയിലെ സാധ്യതകള്‍ കണക്കിലെടുത്താണ് ഈ നീക്കം.

വൈദ്യുത ക്വിഡ് നിര്‍മ്മാണത്തില്‍ ഭൂരിഭാഗവും ഇന്ത്യയിലാണു നടക്കുന്നത്. കേന്ദ്ര സർക്കാർ വൈദ്യുത വാഹന നയം പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ കാറിന്റെ ഇന്ത്യൻ അവതരണം സംബന്ധിച്ചു തീരുമാനമെടുക്കുമെന്നാണു സൂചന. റെനോയുടെ ആഗോള ശ്രേണിയിലെ മറ്റ് വൈദ്യുത വാഹനങ്ങളുടെ ഇന്ത്യൻ അവതരണവും രാജ്യത്തെ വൈദ്യുത വാഹനനയത്തെ ആശ്രയിച്ചിരിക്കും. കാറിന്‍റെ ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇതുസംബന്ധിച്ച് 2016 നവംബറില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 2022-ഓടെ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ചൈനയില്‍ പുറത്തിറങ്ങുമെന്ന് കമ്പനി സി.ഇ.ഒ. കാര്‍ലസ് ഗോസ് അന്നു വ്യക്തമാക്കിയത്.

ചൈനയില്‍ വിജയിച്ചാല്‍ ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനാണ് പദ്ധതി. 2030-ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ റെനോ അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് കാറായിരിക്കും ക്വിഡ്.

റെനോയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലുകളിലൊന്നാണ് ക്വിഡ്. നിലവില്‍ 2 ലക്ഷത്തോളം ക്വിഡ് യൂണിറ്റുകള്‍ റെനോ ഇന്ത്യയില്‍ വിറ്റഴിച്ചുവെന്നാണ് കണക്ക്. മാരുതി ആള്‍ട്ടോയുടെ ശക്തനായ എതിരാളി കൂടിയാണ് ക്വിഡ്.

റെനോ ക്വിഡ് ലിവ് ഫോര്‍ മോര്‍ റീലോഡഡ് 2018 എഡിഷന്‍ കഴിഞ്ഞദിവസം ഇന്ത്യയില്‍ പുറത്തിറങ്ങിയിരുന്നു. 2.66 ലക്ഷം രൂപ പ്രാരംഭവിലയിലാണ് പുത്തന്‍ ക്വിഡ് എത്തിയിരിക്കുന്നത്.