ഫെബ്രുവരിയില്‍ നടക്കുന്ന ദില്ലി ഓട്ടോ ഷോയിലെത്തുന്ന പുത്തന്‍ സ്വിഫ്റ്റിന്‍റെ വരവും നോക്കിയിരിക്കുകയാണ് ഇന്ത്യന്‍വാഹനലോകം. എന്നാല്‍ നിരത്തിലെത്തുന്നതിനും മുമ്പേ താരമായിരിക്കുകയാണ് സ്വിഫ്റ്റ്. സ്വിഫ്റ്റിന്‍റെ ബുക്കിംഗ് വേഗം കണ്ട് അമ്പരന്നിരിക്കുകയാണ് രാജ്യത്തെ വാഹനഡീലര്‍മാരെന്നാണ് പുതിയ വാര്‍ത്തകള്‍.
അഡ്വാൻസായി 11,000 രൂപ ഈടാക്കി കഴിഞ്ഞ 17 മുതലാണ് പുതിയ സ്വിഫ്റ്റിനുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയത്. അതേസമയം വിവിധ ഡീലർഷിപ്പുകളാവട്ടെ അതിനു മുമ്പു തന്നെ പുതിയ സ്വിഫ്റ്റിനുള്ള ബുക്കിങ് തുടങ്ങിയിരുന്നു.
ഇങ്ങനെയാണ് ബുക്കിംഗ് പുരോഗമിക്കുന്നതെങ്കില്‍ വാഹനം ലഭിക്കാൻ ആറു മുതൽ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ട സ്ഥിതിയാണെന്നാണു ഡീലർമാർ നൽകുന്ന സൂചന. ഒരുപക്ഷേ കാറിനുള്ള കാത്തിരിപ്പ് നാലു മാസം വരെ നീളുമെന്നും ചില ഡീലര്‍മാര്‍ സൂചന നല്‍കുന്നുണ്ട്.
പുതിയ സ്വിഫ്റ്റിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തിടെ മാരുതി സുസുക്കി പുറത്തുവിട്ടരുന്നു. ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി അഞ്ചാം തലമുറ ഹെർടെക് പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്‍റെ നിർമാണം. പെട്രോൾ ഡീസൽ പതിപ്പുകളില്‍ 12 മോഡലുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. എൽഎക്സ്ഐ, എൽഡിഐ, വിഎക്സ്ഐ, വിഡിഐ, ഇസഡ്എക്സ്ഐ, ഇസഡ്ഡിഐ, ഇസഡ്എക്സ്ഐ പ്ലെസ്, ഇസഡ്ഡിഐ പ്ലെസ് തുടങ്ങിയ വകഭേങ്ങളുണ്ടാകും. ഒപ്പം വിഎക്സ്ഐ, വിഡിഐ, ഇസഡ്എക്സ്ഐ, ഇസഡ്ഡിഐ, ഇസഡ്എക്സ്ഐ പ്ലെസ്, ഇസഡ്ഡിഐ പ്ലെസ് എന്നീ വകഭേദങ്ങൾക്ക് ഓട്ടമാറ്റിക്ക് മാനുവൽ ട്രാൻസ്മിഷനുമുണ്ട്.
പഴയതിനെക്കാൾ 40 കെജി ഭാരക്കുറവുണ്ട് പുതിയ സ്വിഫ്റ്റിന്. 40എംഎം വീതിയും 20 എംഎം വീൽബെയ്സും 24 എംഎം ഹെഡ്റൂമും കൂടും. നിലവിലെ 83 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 75 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കുമുള്ള 1.3 ലീറ്റർ ഡീസൽ എൻജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തുപകരുന്നത്.
പ്രീമിയം ഇന്റീരിയറായിരിക്കും പുത്തന്‍ സ്വിഫ്റ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അത്യാധുനിക സൗകര്യങ്ങളുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്ററും മറ്റും വാഹനത്തിലുണ്ട്.
സുരക്ഷയ്ക്കായി എബിഎസ് എയർബാഗുകൾ അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കാഴ്ചയിലും പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ സ്വിഫ്റ്റ് മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.
