മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ അടുത്ത വർഷം പുറത്തിറക്കുന്ന സ്വിഫ്റ്റിനെ വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഫെബ്രുവരി ആദ്യം ദില്ലിയിൽ നടക്കുന്ന രാജ്യാന്തര ഓട്ടോ എക്സ്പോയിൽ പുതിയ സ്വിഫ്റ്റിനെ കമ്പനി പുറത്തിറക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍.
ഇതേ സ്വിഫ്റ്റിന്‍റെ ഹൈബ്രിഡ് പതിപ്പിനെ ജാപ്പനീസ് വിപണിയില്‍ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു അത്.
അമ്പരപ്പിക്കുന്ന മൈലേജുള്ള ഈ പതിപ്പ് ഇന്ത്യയിലെത്തുമോ എന്ന കാര്യത്തില്‍ ഇന്ത്യന്‍ വാഹനലോകം സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യാന്തര വിപണിയിലെ വാഹനത്തെ അതേപടി ഇന്ത്യയിൽ പുറത്തിറക്കില്ലെന്ന് കമ്പനി പിന്നീട് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സാഹചര്യങ്ങൾക്കും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കും അനുസരിച്ചു വാഹനത്തിനു മാറ്റങ്ങൾ വരുത്തുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.
എസ്ജി, എസ്എൽ എന്നീ വകഭേദങ്ങളില്‍ ജപ്പാനില്‍ പുറത്തിറക്കിയ പുതിയ ഹൈബ്രിഡ് പതിപ്പില്‍ ലീറ്ററിന് 32 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് സുസുക്കി അവകാശപ്പെടുന്നത്. ഏകദേശം 1,660,000 മുതല്‍ 1,944,000 ജാപ്പനീസ് യെന്‍ (9.44 ലക്ഷം-11.06 ലക്ഷം രൂപ) വരെയാണ് ഹൈബ്രിഡ് സ്വിഫ്റ്റിന്റെ ജപ്പാനിലെ വില. 1.2 ലീറ്റർ പെട്രോൾ എൻജിൻ വകഭേദത്തിലാണു സുസുക്കി ഹൈബ്രിഡ് സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. 91 ബിഎച്ച്പി കരുത്തു പകരുന്ന എൻജിനെ കൂടാതെ 10 കിലോവാട്ട് കരുത്തുള്ള ജനറേറ്റർ യൂണിറ്റും കൂടി ഹൈബ്രിഡ് പതിപ്പിലുണ്ട്.
നിലവില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള നികുതി ഇളവ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞ സാഹചര്യത്തില്‍ ഹൈബ്രിഡ് സ്വിഫ്റ്റ് ഇങ്ങോട്ടെത്താന്‍ സാധ്യത കുറവാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. സിയാസ് സെഡാന്‍, എര്‍ട്ടിഗ എംപിവി എന്നീ രണ്ടു മോഡലുകള്‍ SHVS മില്‍ഡ് ഹൈബ്രിഡില്‍ ഇന്ത്യയിലുണ്ട്. നികുതി ഇളവ് അടുത്തിടെ പിന്‍വലിച്ചതോടെ ഇവയുടെ വിലയില്‍ വലിയ വര്‍ധനവുണ്ടായിരുന്നു.
അടുത്ത വർഷം ഇന്ത്യയിലെത്തുന്ന മോഡൽ സുസുക്കി മൈക്രോ ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ച് മൈലേജ് കൂട്ടിയാകും എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഇന്ത്യൻ നിരത്തിൽ ഏറ്റവുമധികം മൈലേജ് അവകാശപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കിലൊന്നായി സ്വിഫ്റ്റ് മാറും. കോംപാക്ട് ശൈലി പൂർണമായും ഉപേക്ഷിക്കാതെ പുതിയ ‘സ്വിഫ്റ്റി’ൽ ഹാച്ച്ബാക്കിന്റെ സവിശേഷതകൾ ഉൾപ്പെടുത്താനാവും മാരുതി സുസുക്കിയുടെ ശ്രമം.
മില്‍ഡ് ഹൈബ്രിഡ് SHVS സംവിധാനത്തില്‍ സ്വിഫ്റ്റ് ഹൈബ്രിഡ് ML, സ്വിഫ്റ്റ് ഹൈബ്രിഡ് RS എന്നിവ നേരത്തെ ജാപ്പനീസ് വിപണിയിലുണ്ട്. ഇതിന്റെ പിന്‍മുറക്കാരാണ് പുതിയ രണ്ട് വാഹനങ്ങള്‍. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനൊപ്പം ഓട്ടോ ഗിയര്‍ ഫിഷ്റ്റില്‍ 10kW മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റാണ് (MGU) വാഹനത്തെ ചലിപ്പിക്കുക.
അധികം ഭാരം വഹിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓട്ടോമാറ്റിക്കായി എഞ്ചിന്‍ ഓഫായി നിശ്ചിത ദൂരം ഇലക്ട്രിക് മോട്ടോറിനെ മാത്രം ആശ്രയിച്ച് സഞ്ചരിക്കാന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന് സാധിക്കും. ടൂ വില്‍ ഡ്രൈവില്‍ ലഭിക്കുന്ന വാഹനത്തിന്‍റെ രൂപത്തില്‍ നിലവിലുള്ള സ്വിഫ്റ്റില്‍നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ല.
മികച്ച സ്പോർട്ടി ലുക്ക് നൽകുന്ന ഡിസൈനാണ് പുതിയ സ്വിഫ്റ്റിന്. പുത്തൻ സ്വിഫ്റ്റിനു നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാമോളം ഭാരം കുറവാകും. പൂർണമായും പൊളിച്ചെഴുതിയ അകത്തളമായിരിക്കും പുതിയ കാറിന്. പ്രീമിയം ഇന്റീരിയറായിരിക്കും മറ്റൊരു വലിയ പ്രത്യേകത. വിപണിയിലെ പുത്തൻ മോഡലുകളോടു കിടപിടിക്കുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്ററും മറ്റു സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പ്രതീക്ഷിക്കാം. നിലവിലുള്ള 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എൻജിനുകൾ കൂടാതെ 1.5 ലീറ്റർ ഡീസൽ, 1.0 ലീറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോള്‍ എന്‍ജിനും എത്തിയേക്കുമെന്നും സൂചനയുണ്ട്. 5 മുതല്‍ 8 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്‍റെ പ്രതീക്ഷിക്കുന്ന വില.
