സ്വിഫ്റ്റ് ആ നേട്ടം സ്വന്തമാക്കുമോ?
വേൾഡ് അർബൻ കാർ 2018 പട്ടികയിലെ ഫൈനൽ ലിസ്റ്റിലേക്ക് മാരുതി സുസുക്കിയുടെ പുത്തന്‍ സ്വിഫ്റ്റ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച കോംപാക്റ്റ് കാറുകളെ കണ്ടെത്തുന്നതിനുള്ള പട്ടിക ജനീവ ഓട്ടോഷോയില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പട്ടികയുടെ അവസാന ലിസ്റ്റാണിത്.
കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലാണ് പുതിയ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്. നിലവിലെ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ ഡീസൽ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ മോഡലിൽ 22 കിലോമീറ്റർ മൈലേജും ലഭിക്കും. നിലവിലെ മോഡലിനേക്കാൾ 7 ശതമാനം ഇന്ധനക്ഷമത വർദ്ധിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില.
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.
ഈ ലിസ്റ്റില്‍ സ്വിഫ്റ്റിനെ കൂടാതെ ഫോഡ് ഫീയസ്റ്റ, ഹ്യുണ്ടേയ് കൊന, നിസാൻ മൈക്ര, പുതു തലമുറ ഫോക്സ്‍വാഗൻ, കിയ പിക്കാന്റോ, കിയ സ്റ്റോണിക് തുടങ്ങിയ വാഹനങ്ങളാണ് ഇടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ മികച്ച കാറായി തിരഞ്ഞെടുക്കപ്പെട്ടത് ജാഗ്വാര്‍ എഫ് പേസായിരുന്നു. മാര്‍ച്ച് 28-ന് നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോഷോയിലായിരിക്കും വിജയികളെ പ്രഖ്യാപിക്കുക. 24 രാജ്യങ്ങളില്‍ നിന്നുള്ള 28 രാജ്യാന്തര ഓട്ടോമോട്ടീവ് ജേണലിസ്റ്റുകള്‍ അടങ്ങുന്ന ജൂറിയാണ് ലോക കാര്‍ കിരീടത്തിനായുള്ള അവസാന ലാപ്പിലെ മത്സരാര്‍ഥികളെ തിരഞ്ഞെടുത്തത്.
