മാരുതിക്കും ഹ്യുണ്ടായിക്കും ഇരുട്ടടിയുമായി ടാറ്റ ടാറ്റയുടെ ഹാച്ച്ബാക്ക് 45X അടുത്ത വര്‍ഷം വിപണിയിലെത്തും

മാരുതി ബലേനോയോക്കും ഹ്യുണ്ടായി ഐ 20 ക്കും കടുത്ത വെല്ലുവിളിയുമായി ടാറ്റയുടെ ഹാച്ച്ബാക്ക് 45X അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് സൂചന. 2018 ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലില്‍ നിന്നും വലിയ വ്യത്യാസമില്ലാതെയാകും 45X വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് കാറിന്‍റെ നിര്‍മാണം. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ടാറ്റയുടെ പുണെ, ഇറ്റലി, യുകെ ഡിസൈന്‍ സ്റ്റുഡിയോകളിലാണ് വാഹനത്തിന്‍റെ രൂപകല്‍പന.

കാറിന്‍റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നെക്സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത ദീപാവലിക്ക് മുന്‍പായി വിപണിയിലെത്തുന്ന വാഹനത്തിന്‍റെ പുതിയ പേരും ചിത്രങ്ങളും കമ്പനി ഉടന്‍ പുറത്തു വിടുമെന്നാണ് സൂചന.