Asianet News MalayalamAsianet News Malayalam

നരിമാന്തിക്കൊല്ലിയിലെ ആ രാത്രി

  • നരിമാന്തിക്കൊല്ലിയിലെ രാത്രി
  • യാത്രാവിവരണം
Night at Narimanthikkolli Wayanad
  • Facebook
  • Twitter
  • Whatsapp

Night at Narimanthikkolli Wayanad

'സന്ധ്യയ്ക്ക് മുന്‍പേ എത്തണം'.....
ഇത് മാത്രമാണ് നരിമാന്തിക്കൊല്ലിയിലേക്ക് വരുന്നെന്ന് അറിയിച്ചപ്പോള്‍ സജീവേട്ടന്‍ പറഞ്ഞത്. വേറൊന്നും ചോദിച്ചില്ല. കേട്ടറിയാം സ്ഥലത്തെപ്പറ്റി.പേര് പോലെ തന്നെയാണ്.നരി മാന്തുന്ന കൊല്ലിയാണ് നരിമാന്തിക്കൊല്ലി. അത്രക്കുണ്ട് വന്യമൃഗശല്യം.

വയനാട്ടിലെ തോല്‍പ്പെട്ടി ഫോറസ്റ്റ് റേഞ്ചിലാണ് നരിമാന്തിക്കൊല്ലിയെന്ന ഗ്രാമം. വയനാടന്‍ ചെട്ടിമാരുടെ ഗ്രാമമാണ് ഇത്. ഗ്രാമം ആണെന്ന് പറഞ്ഞാല്‍ അത് തെറ്റായിപ്പോകും.വയനാടന്‍ചെട്ടിമാരുടെ ഗ്രാമം ആയിരുന്നു നരിമാന്തിക്കൊല്ലി എന്ന് പറയുന്നതാണ് ശരി. ഇപ്പോള്‍ ആ ഗ്രാമം കേരളത്തിന്റെ ഭൂപടത്തിലില്ല.ആ വിവരങ്ങള്‍ പിന്നാലെ പറയാം.

നരിമാന്തിക്കൊല്ലിയില്‍ സന്ധ്യമയങ്ങിത്തുടങ്ങിയപ്പോളാണ് ഞങ്ങളെത്തിയത്. മംഗലാപുരത്ത് നിന്ന് മാധ്യമപ്രവര്‍ത്തകനായ അനീഷ് ബാലനും അരുണും എത്തിയ ദിവസം. കാട്ടിലേക്കാണ് പോകുന്നതെന്ന് പറഞ്ഞപ്പോള്‍ ഭാര്യ മേഴ്‌സിയും ഒപ്പം കൂടി. പിന്നെ വയനാട്ടുകാരന്‍ തന്നെയായ രാകേഷും ഷിന്റോയും. കല്‍പ്പറ്റയില്‍ നിന്ന് തിരിച്ചപ്പോള്‍ തന്നെ വൈകി. കാട്ടിക്കുളത്തേക്ക് കാറില്‍ ഒന്നരമണിക്കൂര്‍ ഡ്രൈവുണ്ട്. കാട്ടിക്കുളത്തെത്തിയാലും ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങണം. അതിനും സമയമെടുക്കും. എല്ലാം കഴിഞ്ഞപ്പോളേക്കും ഇരുട്ട് വീണു തുടങ്ങി. ഇനിയൊരു ഓട്ടോ വിളിച്ച് വേണം നരിമാന്തിക്കൊല്ലിയിലേക്ക് പോകാന്‍. നരിമാന്തിക്കൊല്ലിക്ക് സമീപം കാറ് പാര്‍ക്ക് ചെയ്യാനാകില്ല. നാളെ തിരികെ വരുമ്പോള്‍ കാറ് കാറിന്റെ രൂപത്തില്‍ കാണില്ലെന്ന് ഉറപ്പ്.

Night at Narimanthikkolli Wayanad

കാട്ടിക്കുളത്ത് നിന്ന് പാല്‍വെളിച്ചത്തേക്ക് പോകുന്ന റോഡിലാണ് നരിമാന്തിക്കൊല്ലിയിലേക്ക് തിരിയേണ്ടത്. രണ്ട് ഓട്ടോയിലേ പോകാനാകൂ. സജീവേട്ടനും കൂടി 7 പേരുണ്ട്.പിന്നെ ഭക്ഷണസാധനങ്ങളും പാത്രങ്ങളും.എല്ലാവരും റോഡില്‍ നില്‍പ്പ് തുടങ്ങിയിട്ട് ഇത്തിരി നേരമായി. നരിമാന്തിക്കൊല്ലിയിലേക്കാണെന്ന് പറഞ്ഞിട്ട് ആരും വരുന്നില്ല. രണ്ടോ മൂന്നോ കിലോമീറ്റര്‍ ദൂരമേയുള്ളൂ. ആരും അവിടേയ്ക്ക് വരില്ലത്രേ. ഇരുട്ട് വീണാല്‍ ആ വഴി ഓട്ടം പോകാന്‍ ഓട്ടോക്കാരാരും തയ്യാറാകില്ല. അത്രയ്ക്കുണ്ട് നരിമാന്തിക്കൊല്ലിയെ ആ നാട്ടുകാര്‍ക്ക് തന്നെ പേടി. തിരികെ കാട്ടിക്കുളത്തേക്ക് എത്തിയാല്‍ എത്തി. ആ റിസ്‌ക് എടുക്കാന്‍ അവരാരും തയ്യാറല്ലത്രേ.

അത്രയ്ക്കും ഭീകരമായ സ്ഥലത്തേക്കാണ് പോകുന്നതെന്ന് ഓര്‍ത്തപ്പോള്‍ ഉള്ളംകാലില്‍ നിന്ന് ചെറിയൊരു തരിപ്പ് ശരീരത്തേക്ക് പടര്‍ന്ന് കയറി. കൈയ്യും ശരീരവും ചെറുതായി വിറയ്ക്കാന്‍ തുടങ്ങിയോ എന്നും സംശയം തോന്നി. എന്നാലും പോകാന്‍ തയ്യാറായി. ഇതൊക്കെയല്ലേ വനയാത്രയുടെ രസമെന്ന് പറഞ്ഞ് അനീഷും രാകേഷുമൊക്കെ കൂടെ നിന്നു. ഒടുവില്‍ സജീവേട്ടന്റെ സുഹൃത്തുക്കളായ രണ്ട് ഓട്ടോച്ചേട്ടന്മാര്‍ ഞങ്ങളെ നരിമാന്തിയിലെത്തിക്കാമെന്ന് പറഞ്ഞു.

പെട്ടന്ന് കയറണം, പോയിട്ട് വേഗം തിരികെ പോരണം. ഓട്ടോച്ചേട്ടന്മാര്‍ പറഞ്ഞു. ഞങ്ങള്‍ വേഗത്തില്‍ സാധനസാമഗ്രികള്‍ രണ്ട് ഓട്ടോയിലുമായി കയറ്റി. പെട്ടന്ന് തന്നെ നരിമാന്തിക്കൊല്ലിയിലേക്ക് തിരിച്ചു.

വഴിയില്‍ എവിടെവെച്ച് വേണമെങ്കിലും കാട്ടാനക്കൂട്ടമോ, ഒറ്റയാനോ, കാട്ടുപോത്തോ ആക്രമിക്കാം. കരടിയോ കടുവയോ മുന്നില്‍ വരാം.ഇതെല്ലാം മനസില്‍ വെച്ചാണ് യാത്ര.ഏതാണ്ട് ഇത്തിരി വിറച്ച് വിറച്ച് തന്നെ ഓട്ടോയിലിരുന്ന് നരിമാന്തിയിലെത്തി.ഓട്ടോച്ചേട്ടന്മാര്‍ ധൃതി വെച്ചു. വേഗം ഇറങ്ങിക്കോളൂ. ഞങ്ങളെല്ലാം വേഗത്തില്‍ ഇറങ്ങി. കൊണ്ടുപോയ ഭക്ഷണ സാധനങ്ങളും പാത്രങ്ങളുമെല്ലാം പുറത്തേക്ക് എടുത്തുവെച്ചു. പൈസ വാങ്ങിയതും ഓട്ടോക്കാര്‍ രണ്ടു പേരും തിരികെ പാഞ്ഞു. ഞങ്ങള്‍ റോഡില്‍ നിന്ന് ഇടത് വശത്തേക്കുള്ള കാട്ടുവഴിയില്‍ തിരിഞ്ഞു. ഇത്തിരി വെളിച്ചം കൂടിയുണ്ട്. സജീവേട്ടന്റെ കയ്യില്‍ ടോര്‍ച്ചുണ്ട്. അത് മാത്രമാണ് ഇനിയുള്ള ഏക ആശ്രയം. റോഡില്‍ നിന്ന് വനത്തിലേക്ക് കയറി മുളങ്കൂട്ടത്തിന് അടുത്തെത്തിയതും സജീവേട്ടന്‍ കൈ കാണിച്ചു. പെട്ടന്ന് എല്ലാവരും നിന്നു. മുളങ്കൂട്ടത്തിന് അപ്പുറത്ത് കാട്ടുപോത്ത് കൂട്ടം. മുന്നില്‍പ്പെട്ടാല്‍ നമ്മുടെ കാര്യം പോക്കാണ്. മുളങ്കൂട്ടം കഴിഞ്ഞാല്‍ ട്രഞ്ചുണ്ട്. അവിടേയ്‌ക്കെത്താന്‍ ഇനിയും നൂറ് മീറ്ററോളം നടക്കണം. ഇപ്പോള്‍ ഞങ്ങള്‍ യാത്രാസംഘവും കാട്ടുപോത്തിന്‍ കൂട്ടവും ട്രഞ്ചിന് ഇപ്പുറത്താണ്.

Night at Narimanthikkolli Wayanad

അല്‍പ്പനേരത്തെ നിശബ്ദത. പിന്നെ കാട്ടുപോത്തിന്‍കൂട്ടം കാടിളക്കി ഓടിപ്പോകുന്ന ശബ്ദം. അത് അകന്ന് അകന്ന് പോയി. നരിമാന്തിക്കൊല്ലിയിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത് തന്നെ കാട്ടുപോത്തിന്‍ കൂട്ടം. നരിമാന്തിയിലേക്കുള്ള ആദ്യപരീക്ഷണം വിജയിച്ച് മുന്നോട്ട് നീങ്ങി.

ഞങ്ങള്‍ ട്രഞ്ചിന് അടുത്തെത്തി. രണ്ടാള്‍ ആഴമുള്ള കുഴിയാണ് മുന്നില്‍. അതിന് കുറുകെ ഒരു ഒറ്റത്തടിപ്പാലമാണ് ഉള്ളത്. അതിലൂടെവേണം ട്രഞ്ച് കടക്കാന്‍.ഓരോരുത്തരായി ട്രഞ്ച് കടക്കുകയാണ്. നരിമാന്തിയിലേക്കുള്ള കടക്കുന്നതിനുള്ള രണ്ടാമത്തെ പരീക്ഷണം.വിറച്ച് വിറച്ചാണെങ്കിലും അതും പിന്നിട്ട് എല്ലാവരും മുന്നോട്ട്.

ഇനി ഒറ്റയടിപ്പാതയാണ്. ഇരുവശത്ത് നിന്നും വേലിപ്പരുത്തിയും പേരറിയാത്ത ഏതൊക്കെയോ കാട്ടുചെടികള്‍ വളര്‍ന്ന് പന്തലിച്ച് കിടക്കുന്നു.അതിനെയൊക്കെ വകഞ്ഞുമാറ്റിവേണം വഴിയുണ്ടാക്കാന്‍.പത്തിരുപത് മീറ്റര്‍ മുന്നോട്ട് ചെല്ലുമ്പോള്‍ തന്നെ കാണാം, കാടുകയറി ഒരു വീട്.വീടിന്റെ മുകളില്‍ വരെയും കാട് കയറി കിടക്കുന്നു.വാതിലും ജനല്‍പാളികളും അടഞ്ഞ് കിടക്കുന്നു.കണ്ടാല്‍ തന്നെ അറിയാം, എത്രയോ നാളായി അവിടെ ആള്‍ത്താമസം ഇല്ലെന്ന്.

ഉപേക്ഷിച്ച് പോയതാണ്. വന്യമൃഗ ശല്യം സഹിക്കാനാവാതെ കുഞ്ഞുങ്ങളെയും കൂട്ടി ആ വീട്ടുകാര്‍ എന്നോ അവിടം വിട്ടുപോയി. മുറ്റത്തുള്ള തെങ്ങ് പാതിവെച്ച് ഒടിഞ്ഞ് നില്‍ക്കുകയാണ്. അതില്‍ ഓലയോ തേങ്ങയോ ഒന്നുമില്ല. എല്ലാം ആന അകത്താക്കിയിരിക്കുന്നു. ആന പുറം ചൊറിഞ്ഞ പാടുകള്‍ ശേഷിക്കുന്ന തെങ്ങിന്‍ കുറ്റിയിലുണ്ട്. വീടിന്റെ ഭിത്തിയിലും ആന ചാരി നിന്ന പാടുകള്‍. ആ പാടുകള്‍ പറയും അവിടെ താമസിച്ചിരുന്ന മനുഷ്യരുടെ പേടിയുടെ ആഴം. ഒന്നോര്‍ത്ത് നോക്കൂ. നമ്മള്‍ വീട്ടിലിരിക്കുമ്പോള്‍ കാട്ടാനക്കൂട്ടമോ, കൊമ്പനായ ഒറ്റയാനോ, മോഴയോ പുറത്ത് ഭിത്തിയില്‍ പുറം ചാരി നില്‍ക്കുന്നു. അത് പുറം ചൊറിഞ്ഞ് രസിക്കുന്നു. മുറ്റത്ത് നമ്മള്‍ നട്ടുവളര്‍ത്തി തെങ്ങിലെ ഓലകള്‍ വലിച്ചൊടിക്കുന്നു. കൂട്ടത്തില്‍ തെങ്ങ് പകുതിവെച്ച് ഒടിഞ്ഞ് പോരുന്നു.

Night at Narimanthikkolli Wayanad

പിന്നെയെങ്ങനെ ആ വീട്ടില്‍ നമുക്ക് താമസിക്കാനാകും? സന്ധ്യമയങ്ങിയാല്‍ പിന്നെ ആ വീട്ടില്‍ കുഞ്ഞുങ്ങളുമായി എങ്ങനെ കഴിയും? അതുകൊണ്ട് മാത്രം സ്വന്തമെന്ന് പറയാന്‍ ഭൂമിയില്‍ ആകെയുള്ള സ്ഥലവും വീടും വിട്ട് പോകേണ്ടി വന്നവരാണ് ആ വീടിനെ അനാഥമാക്കിയത്. കുഞ്ഞുങ്ങളെ ഓര്‍ത്ത് മാത്രം.

പിന്നെയും മുന്നോട്ട് പോയാല്‍ അവിടെ മറ്റൊരു വീടുണ്ടായിരുന്നു. അത് അവര്‍ പൊളിച്ചു കൊണ്ടുപോയതാണ്. വീടിന്റെ തറയും ഭിത്തിയുടെ ചില ഭാഗങ്ങളും മാത്രമേ ബാക്കിയുള്ളൂ. മേല്‍ക്കൂരയും തടി ഉരുപ്പടികളും വീട്ടുകാര്‍ പൊളിച്ച് കൊണ്ടു പോയതാണെന്ന് സജീവേട്ടന്‍ പറഞ്ഞു. ഭിത്തി ആനകള്‍ തള്ളിക്കളഞ്ഞതാണ്.

അതിനും ഇത്തിരി അപ്പുറം മാറിയാണ് സജീവേട്ടന്റെ വീട്. പോകും വഴിയില്‍ വലിയ മുളങ്കൂട്ടം മറിഞ്ഞ് കിടക്കുന്നു. പല മുളകളും ഉണങ്ങിയതാണ്. അതുകൊണ്ട് ഇത്തിരി വട്ടം ചുറ്റി വേണം സജീവേട്ടന്റെ വീട്ടിലേക്ക് പോകേണ്ടത്. അവിടെയാണ് രാത്രി തങ്ങേണ്ടത്. പോകുന്നതെല്ലാം കാട് വകഞ്ഞുമാറ്റിയാണ്. വഴിയില്‍ എവിടെ വേണമെങ്കിലും കാട്ടാനയോ നരിയോ പുലിയോ കരടിയോ ഒക്കെ ഒളിച്ച് നില്‍ക്കുന്നുണ്ടാകാം. അതുകൊണ്ട് ഏറെ ശ്രദ്ധിച്ചാണ് ഓരോ ചുവടും വെക്കുന്നത്. മുന്നില്‍ സജീവേട്ടന്‍ തന്നെ.

വീടിനു മുന്നിലേക്കെത്തി. ഇത്തിരി ഉയര്‍ത്തിക്കെട്ടിയ ഒരു വളപ്പ്. അതിനു സമീപത്ത് ചുറ്റുകെട്ടിയ ഒരു കിണര്‍. മുറ്റത്ത് നിന്ന ഒരു തെങ്ങ് മറിഞ്ഞു കിടക്കുന്നു. തലപ്പും വെള്ളക്കയും ഒന്നുമില്ല. ഏതോ ആനക്കൂട്ടത്തിന്റെ പണിയാണ്. മറ്റൊരു തെങ്ങ് മുറ്റത്ത് തന്നെ വിധികാത്ത് നില്‍ക്കുന്നുണ്ട്. ആ കാഴ്ചകള്‍ക്ക് മുന്‍പില്‍ സജീവേട്ടന്റെ കണ്ണൊന്ന് നിറഞ്ഞു. ചുണ്ടുകള്‍ വിറച്ചു. ശ്വാസത്തിന്റെ താളം തെറ്റി. എന്തൊക്കെ ഓര്‍മ്മകളാകും അപ്പോള്‍ സജീവേട്ടന്റെ മനസിലൂടെ പോയിട്ടുണ്ടാകുക. ആ മുറ്റത്ത് നടന്നത്, കുട്ടികള്‍ ഓടിക്കളിച്ചത്, ഭാര്യയ്‌ക്കൊപ്പം ചെടികള്‍ സംരക്ഷിച്ചത്. അങ്ങനെ എന്തെല്ലാം എന്തെല്ലാം ഓര്‍മ്മകള്‍. ഒരു പുരുഷായുസ്സിലെ സമ്പാദ്യമാണ് കാടും പടലും പിടിച്ച് ആരും തിരിഞ്ഞ് നോക്കാനാവാതെ മുന്നില്‍ കിടക്കുന്നത്.

എല്ലാവരും വീടിന്റെ മുറ്റത്തേക്ക് കയറി. കൈയ്യില്‍ കൊണ്ടുവന്ന സാധന സാമഗ്രികളും ബാഗുകളുമെല്ലാം താഴെവച്ചു. അപ്പോഴാണ് ഞാനും രാകേഷും ഒഴികെയുള്ളവര്‍ അക്കാര്യം ശ്രദ്ധിച്ചത്. വീടിന് കതകും ജനാലകളുമില്ല.ഭിത്തിയും മേല്‍ക്കൂരയും മാത്രമേയുള്ളൂ. എന്നോടും രാകേഷിനോടും നേരത്തേ തന്നെ സജീവേട്ടന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഞങ്ങള്‍കൂടെ വന്നവരോട് പറഞ്ഞില്ല എന്ന് മാത്രം. ഇനി അതെങ്ങാനും പറഞ്ഞിട്ട് ഇവരൊക്കെ വന്നില്ലെങ്കിലോ എന്ന് ആശങ്കപ്പെട്ടാണ് അക്കാര്യം പറയാതിരുന്നത്. ഞാനും രാകേഷും സജീവേട്ടനും വീടിനുള്ളിലേക്ക് കയറി. ഇഴജന്തുക്കള്‍ വല്ലതും ഉണ്ടോ എന്ന് നോക്കുകയാണ് ലക്ഷ്യം. മൂന്ന് മുറിയും അടുക്കളയും എല്ലാം പരിശോധിച്ചു. ഇല്ല , ഒന്നുമില്ല. എന്നാലും ഒന്നുകൂടി പരിശോധിച്ചു. ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി. കാട്ടുചെടികള്‍ വെട്ടിയെടുത്ത് കിടക്കേണ്ട സ്ഥലം അടിച്ചുവാരി. മാറാലകള്‍ മാറ്റി. വീട് ഇത്തിരിയൊക്കെ വൃത്തിയാക്കി കിടക്കാവുന്ന രീതിയിലാക്കി. അപ്പോഴേക്കും ഷിന്റോ മുറ്റത്ത് തീ പിടിപ്പിച്ചു. തീയിടാതെ അവിടെ കിടക്കാനാകില്ലല്ലോ. തീ പിടിപ്പിച്ചപ്പോഴേക്കും എല്ലാവരും ഉണങ്ങിയ മുളയും വിറക് കഷ്ണങ്ങളും ഒക്കെയായി എത്തി. പിന്നെ അടുത്ത് തന്നെ കല്ലുകൂട്ടി അടുപ്പാക്കി അവിടെ ചിക്കന്‍ കറി വെക്കാനുള്ള ഒരുക്കം തുടങ്ങി. ഒപ്പം കപ്പയും.

ഇത്തിരി ദൂരേയ്ക്ക് മാറി ആ ഗ്രാമത്തില്‍ ഇപ്പോളും ആള്‍ത്താമസമുള്ള ഒരേ ഒരു വീടുണ്ട്. കാളപ്പന്‍ ചെട്ടിയും കുടുംബവുമാണ് അവിടെ താമസിച്ചിരുന്നത്. കാളപ്പന്‍ ചെട്ടിയും മൂന്ന് മക്കളും ഭാര്യയും ചെട്ടിയുടെ അമ്മയുമാണ് ആ വീട്ടില്‍ താമസിക്കുന്നത്. ചോറ് വെക്കാനുള്ള അരിയുമായി സജീവേട്ടന്‍ ആ വീട്ടിലേക്ക് പോയി. രാത്രി കനക്കുകയാണ്. മുറ്റത്ത് തീയെരിയുന്നു. അപ്പുറത്ത് ചിക്കന്‍ കറിയാകുന്നതിന്റെ മണം. ഒപ്പം ഗ്രില്ലില്‍ വെച്ച് ചുട്ടെടുക്കുന്ന ചിക്കന്റെ മണവും. കപ്പ തിളയ്ക്കുന്നു. കാട്ടുകൂവയുടെ ഇലയിലാണ് ഭക്ഷണം കഴിക്കുന്നത്. ഒരിക്കല്‍ ഗ്രാമമായിരുന്നെങ്കിലും ഇപ്പോള്‍ ഇത് കാടാണ്. കൊടും കാട്. നല്ല തണുപ്പുണ്ട്. തീയുടെ ചുറ്റും ഇരിക്കുന്നത് കൊണ്ട് മാത്രം തണുപ്പറിയുന്നില്ല. രാത്രി ഏറെ വൈകും വരെ എല്ലാവരും തീയുടെ ചുറ്റുമിരുന്നു. ഞങ്ങള്‍ക്ക് ചുറ്റും കാട് വല്ലാതെ കരയുന്നു. അപ്പുറത്തും ഇപ്പുറത്തുമൊക്കെയായി എന്തൊക്കൊയോ ഒടിയുന്ന ശബ്ദമുണ്ട്. അടുത്തൊക്കെ തന്നെ മൃഗങ്ങളുണ്ടെന്ന് ഉറപ്പ്.

പുലര്‍ച്ചെ രണ്ട് മണിയോടെ എല്ലാവരും ഓരോ മുറികളിലേക്ക് പോയി. അപ്പോഴുമുണ്ട് പ്രശ്‌നം. കിടന്നാല്‍ ഉറങ്ങിപ്പോകുമെന്ന് ഉറപ്പാണ്. വീടിന്റെ ഇരുവശത്തും വാതിലുകളില്ല. എങ്ങനെ ഉറങ്ങും. ഉറങ്ങിക്കിടക്കുമ്പോള്‍ ഏതെങ്കിലും ജീവി വീട്ടിലേക്ക് കയറിയാല്‍ എല്ലാവരുടെയും കാര്യം കഷ്ടത്തിലാകും. മുന്‍പില്‍ തീയുള്ളതുകൊണ്ട് ആ വഴി മൃഗങ്ങളൊന്നും കയറില്ല. പക്ഷേ അടുക്കള ഭാഗത്ത് കൂടി മൃഗങ്ങള്‍ കയറിവരാം.എല്ലാവരും പിന്നെയും ചിന്തയിലാണ്ടു. ഇതിനിടയിലും സജീവേട്ടന്‍ പറയുന്നുണ്ട്, ഇന്നിനി ഒരു മൃഗവും വരില്ല ഇവിടേയ്‌ക്കെന്ന്. പക്ഷേ അതൊന്നും നമുക്ക് ആശ്വസിക്കാന്‍ വക നല്‍കില്ലല്ലോ. ഒടുവില്‍ അടുക്കള വശത്തെ വാതിലിന് കുറുകയും നെടുകയും അവിടെക്കിടന്ന മുളകള്‍ അടുക്കിവെച്ചാണ് കിടന്നത്. ഏതെങ്കിലും മൃഗങ്ങള്‍ വന്നാല്‍ മുളവീഴുന്ന ശബ്ദം കേട്ട് എഴുനേല്‍ക്കാമല്ലോ എന്നാണ് വിചാരം. പക്ഷേ എവിടെ?  കിടന്നതും എല്ലാവരും ഉറങ്ങി.

രാവിലെ കാളപ്പന്‍ചെട്ടി വന്ന് വിളിക്കുമ്പോളാണ് എല്ലാവരും എണീക്കുന്നത്. വാച്ച് നോക്കി , സമയം അഞ്ചര. മുറ്റത്തും പരിസരത്തും നല്ല മഞ്ഞ്. നല്ല തണുപ്പും.വെളിച്ചം പരന്നിട്ടുണ്ട്.

' വീട്ടിലേക്ക് വന്നാല്‍ കട്ടന്‍കാപ്പി കുടിയ്ക്കാം.' കാളപ്പന്‍ ചെട്ടി പറഞ്ഞു.

ചെട്ടി തന്നെ മുന്നില്‍ നടന്നു.ഞങ്ങള്‍ പിന്നാലെയും.

വീടെന്നൊന്നും പറയാനില്ല.ഷെഡ്ഡാണ്. മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടുണ്ട്. കുനിഞ്ഞു വേണം ആ വീട്ടിലേക്ക് കയറാനും ഇറങ്ങാനും. ചെറിയൊരു കുടില്‍.ആ കുടിലിലാണ് ചെട്ടിയും ഭാര്യയും നാല് മക്കളും ചെട്ടിയാരുടെ അമ്മയും താമസിക്കുന്നത്. ഞങ്ങളെത്തിയപ്പോള്‍ അവരെല്ലാം പുറത്തേക്ക് വന്നു.

ഇന്നലെ രാത്രി ഇത്തിരി സമാധാനത്തോടെ ഉറങ്ങി, അടുത്ത് വേറെ ആളുകളുണ്ടല്ലോ എന്ന സമാധാനം

കാട്ടില്‍ ഒറ്റപ്പെട്ടു പോയ 70 വയസുകാരിയുടെ ആശ്വാസം. എത്രയോ നാളുകള്‍ ആയിട്ടുണ്ടാകാം അവരൊന്ന് നന്നായി ഉറങ്ങിയിട്ട്. ഉറക്കമെന്നത് അവര്‍ക്ക് കണ്ണുകള്‍ അടച്ചുള്ള ഒരു വ്യായാമം മാത്രമായിരിക്കുന്നു. ചെട്ടിയാരുടെ ഒരു മകള്‍ വയ്യാത്ത കുട്ടിയാണ്. രാത്രിയില്‍ പനികൂടിയിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവാതെ വന്നിട്ട് ആരോഗ്യം നശിച്ചതാണ്.

പിന്നെയുള്ള രണ്ട് കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നവരാണ്. അവരും എത്ര പേടിച്ചാകും ആ കാടിനുള്ളിലെ ഒറ്റപ്പെട്ട വീട്ടില്‍ താമസിക്കുന്നത്. കൂട്ടുകാരൊന്നും അവരുടെ വീട്ടിലേക്ക് അവധി ദിവസങ്ങളില്‍ വരാറേ ഇല്ല. കാടിനു നടുവിലെ വീട്ടിലേക്ക് അവരെ മാതാപിതാക്കള്‍ വിടാറില്ലെന്ന് പറയുന്നതാണ് ശരി.

Night at Narimanthikkolli Wayanad

സ്‌കൂളിലേക്ക് പോകും വഴി പലവട്ടം ആന ഓടിച്ചകാര്യം കാളപ്പന്റെ മകന്‍ പറഞ്ഞു. അന്ന് കാളപ്പനും മകനും രണ്ട് ഭാഗത്തേക്ക് ഓടിയാണ് രക്ഷപെട്ടത്. കാളപ്പന്റെ കയ്യിലിരുന്ന പാല്‍ പാത്രം വേറൊരു വശത്തേക്ക് എറിഞ്ഞിട്ടാണ് ഇരുവരും ഓടിയത്. ആന ആ പാത്രത്തിന് പിന്നാലെ പോയത് കൊണ്ട് അന്ന് രക്ഷപെട്ടു. അങ്ങനെ എത്രയോ തവണ ആനയും കാട്ടുപോത്തുകളും ഒക്കെ വഴിമുടക്കിയിരിക്കുന്നു. അവന്‍ അത് പറഞ്ഞപ്പോള്‍ എല്ലാം മനസിലൂടെ കാണുകയായിരുന്നു. കണ്ണിന്‍ മുന്നിന്‍ സംഭവിക്കും പോലെ.

കട്ടന്‍കാപ്പി കുടിച്ച് മുറ്റത്ത് നില്‍ക്കുമ്പോള്‍ അപ്പുറത്ത് മാറി മയിലുകള്‍ നില്‍ക്കുന്നു. എപ്പോഴും വീടിനു പരിസരത്ത് തന്നെ കാണും ഇവയെന്ന് കാളപ്പന്‍ചെട്ടിയുടെ ഭാര്യ പറഞ്ഞു. നരിയും പുലിയും ഇറങ്ങുന്ന കാട്ടില്‍ കാവലിനായി നായയെ വളര്‍ത്തിക്കൂടെയെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി, പുലിയും കടുവയും ആദ്യം പിടിക്കുന്നത് നായയെ ആണെന്നാണ്. അതുകൊണ്ട് അതിനെയും വളര്‍ത്താറില്ല. പക്ഷേ പുറത്തു പോയി വാടകയ്ക്ക് താമസിക്കാനുള്ള വരുമാനവും ഇല്ല. ആകെ ആശ്രയം ഈ ഭൂമിയാണ്. നിത്യ ചെലവിനായി പശുവിനെ വളര്‍ത്തുന്നുണ്ട്.

പാല്‍ വിറ്റാണ് ഉപജീവനം. അതും പലപ്പോഴും നടക്കാറില്ല. പാലുമായി നരിമാന്തിക്കൊല്ലിയില്‍ നിന്ന് കാട്ടിക്കുളത്തേക്കുള്ള യാത്ര ജീവന്‍ പണയം വെച്ച് വേണം. പലദിവസവും ആനയുടെയും കാട്ടുപോത്തിന്റെയും മുന്നില്‍ പെട്ടിട്ട് പാലും പാത്രവും ഉപേക്ഷിച്ച് ഓടി രക്ഷപെട്ട കാര്യം പറയുമ്പോള്‍ കാളപ്പന്‍ ചെട്ടിയുടെ കണ്ണില്‍ ഭീതി നിറഞ്ഞു. തലേദിവസത്തെ രാത്രി നന്നായി ഉറങ്ങിയെന്ന് ചെട്ടിയുടെ അമ്മ പറഞ്ഞതിലെ പൊരുള്‍ അപ്പോഴാണ് പൂര്‍ണ്ണമായും മനസിലായത്.

തിരികെ സജീവേട്ടന്റെ വീട്ടിലേക്കെത്തി. എല്ലാവരും പോകാനുള്ള തിരക്കിലാണ്. അനീഷിനും അരുണിനും മംഗലാപുരത്തേക്ക് മടങ്ങണം.ഞങ്ങള്‍ക്കും തിരികെ കല്‍പ്പറ്റയിലെത്തണം.ഞങ്ങളെ യാത്രയാക്കാന്‍ കാളപ്പന്‍ ചെട്ടിയെത്തി.എല്ലാവരും വീടിന് പുറത്തേക്കിറങ്ങുമ്പോള്‍ കാളപ്പന്‍ ചെട്ടി പറഞ്ഞു. ഇനി കാണുമോ എന്ന് അറിയില്ല.ഇവിടുത്തെ ജീവിതമൊക്കെ ഇങ്ങനെയാണ്. നാളെ രാവിലെ ആരൊക്കെ ജീവനോടെ കാണും എന്ന കാര്യം ഉറപ്പില്ല.

കണ്ണ് നിറഞ്ഞാണ് അവിടെ നിന്ന് തിരികെ പോന്നത്.ഹൃദയത്തില്‍ എന്തെന്നില്ലാത്ത ഒരു ഭാരം കെട്ടിക്കിടന്നു. കാട് കടത്തി വിടാന്‍ കാളപ്പന്‍ ചെട്ടിയും കൂടെ വന്നു.

വാല്‍ക്കഷ്ണം:

വനത്തിനുള്ളിലുള്ള ഗ്രാമങ്ങളെ പുറത്തേക്ക് കൊണ്ടു പോകുന്നതിനായി ആവിഷ്‌കരിച്ച സര്‍ക്കാരിന്റെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി അനുസരിച്ച് ആ ഗ്രാമം വനത്തിന് പുറത്തേക്ക് പറിച്ചു നടപ്പെട്ടു. 29 കുടുംബങ്ങള്‍ ഉണ്ടായിരുന്ന ഗ്രാമത്തില്‍ ഇന്ന് ആരുമില്ല. പക്ഷേ അവിടെ നിന്ന് പോയവരൊക്കെ ആനക്കാട്ടിലേക്ക് തന്നെ തിരികെയെത്തി.പുനരധിവാസ പദ്ധതി അനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിച്ച പണം കിട്ടിയത് 6 കുടുംബങ്ങള്‍ക്ക് മാത്രമാണ്. സജീവേട്ടന്റെ ഉള്‍പ്പെടെ 23 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കിയില്ല.അവരൊക്കെ തിരികെ ജീവനും കയ്യില്‍പ്പിടിച്ച് കാട്ടില്‍ തന്നെ താമസിക്കുന്നു.

Night at Narimanthikkolli Wayanad

 

Follow Us:
Download App:
  • android
  • ios