കറാച്ചി: സൗത്ത് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍ കമ്പനി പാകിസ്ഥാനില്‍ പുതിയ കാര്‍ അസംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നു. പാക് വസ്ത്രനിര്‍മാണ മേഖലയിലെ പ്രമുഖരായ നിഷത് മില്‍സുമായി ചേര്‍ന്നു രൂപീകരിക്കുന്ന സംയുക്ത സംരംഭമാവും രാജ്യത്ത് ഹ്യുണ്ടേയ് കാറുകള്‍ അസംബിള്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട, ഹോണ്ട, സുസുക്കി തുടങ്ങിയവര്‍ കാര്‍ അസംബിള്‍ യൂണിറ്റുകള്‍ പാക്കിസ്ഥാനില്‍ നിന്നും പിന്‍വലിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് വന്‍ ആശ്വാസമാകുന്നതാണ് ഹ്യുണ്ടായിയുടെ നടപടിയെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാനില്‍ പ്രാദേശികമായി കാര്‍ നിര്‍മാണം ആരംഭിക്കാന്‍ അനുയോജ്യരായ പങ്കാളികളെ തേടുകയായിരുന്നു ഹ്യുണ്ടേയിയെന്ന് നിഷത് മില്‍സ് അധികൃതര്‍ പറയുന്നു. കാര്‍ നിര്‍മാണ സൗകര്യം ഏര്‍പ്പെടുത്താനായി ഹ്യുണ്ടേയിയും നിഷത് മില്‍സുമായി ധാരണാപത്രം ഒപ്പിട്ടതായും കമ്പനി സെക്രട്ടറി ഖാലിദ് ചൗഹാന്‍ പറഞ്ഞു. യാത്രാവാഹനങ്ങള്‍ക്കൊപ്പം വാണിജ്യ വാഹനങ്ങളും പാകിസ്ഥാനില്‍ പ്രാദേശികമായി നിര്‍മിച്ചു വില്‍ക്കാനാണ് ഇരു കമ്പനികളും തമ്മിലുള്ള ധാരണ.
