പ്രളയക്കെടുതിയില്‍ പെട്ട് വലയുന്ന ഉപയോക്താക്കള്‍ക്ക് സഹായവുമായി നിസാന്‍, ഡാറ്റ്‌സണ്‍ മോട്ടോഴ്‌സ്

പ്രളയക്കെടുതിയില്‍ പെട്ട് വലയുന്ന ഉപയോക്താക്കള്‍ക്ക് സഹായവുമായി നിസാന്‍, ഡാറ്റ്‌സണ്‍ മോട്ടോഴ്‌സ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസാണ് നിസാന്‍ വാഗ്ദനാം ചെയ്യുന്നത്. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് സേവനമൊരുക്കാന്‍ എല്ലാ ഷോറൂമുകളെയും സജ്ജമാക്കിയതായി കമ്പനി വ്യക്തമാക്കി. ഈ വാഹന ഉടമകള്‍ക്ക് തൊട്ടടുത്തുള്ള ഷോറൂമിലാണ് സര്‍വീസ് ഒരുക്കുന്നത്. കേടായ വാഹനങ്ങള്‍ വീടുകളിലും മറ്റ് സ്ഥലങ്ങളില്‍ നിന്നും കമ്പനിയിലെ ജീവനക്കാര്‍ തന്നെ സര്‍വീസ് സെന്ററുകളില്‍ എത്തിക്കുമെന്നും ഈ സേവനങ്ങളെല്ലാം സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സര്‍വീസ് സെന്ററുകളില്‍ കൃത്യമായ സേവനം ഉറപ്പാക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെയും ഡീലര്‍ഷിപ്പുകളില്‍ നിന്ന് മെക്കാനിക്കുകളെയും അഡ്‌വൈസര്‍മാരെയും എത്തിക്കാനാണ് കമ്പനിയുടെ നീക്കം.

നേരത്തെ മെഴ്സഡീസ് ബെൻസ്, ടാറ്റാ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗണ്‍, ബിഎം‍ഡബ്ല്യു തുടങ്ങിയവര്‍ തങ്ങളുടെ ഉപഭോക്താക്കൾക്ക് സർവീസ് സപ്പോർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ടിവിഎസ് മോട്ടോഴ്സും ഹ്യുണ്ടായിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ വീതവും മെഴ്സഡീസ് ബെൻസ് 30 ലക്ഷവും സംഭാവന നല്‍കിയിരുന്നു.