നിസ്സാന്റെ പ്രകടനക്ഷമതയ്ക്കുള്ള ഉത്തമ ഉദാഹരണമാണ് ജി ടി-ആർ. 2007 ലായിരുന്നു ആഗോള വിപണിയിൽ ആദ്യമായി നിസാന്റെ ഈ ഫ്ലാഗ്ഷിപ്പ് മോഡലിന്‍റെ അരങ്ങേറ്റം. തുടര്‍ന്ന് മൂന്നാം തവണയാണ് ജിടി-ആർ മുഖം മിനുക്കി വീണ്ടുമെത്തുന്നത്. ഏറ്റവും മികച്ച പരിഷ്കാരങ്ങളോടെ മാർച്ചിൽ പുറത്തിറങ്ങിയ ജിടി-ആറിനെ പുതിയ രൂപകല്പനയും, ആഡംബരത്വം തുളമ്പുന്ന അകത്തളവും, മികച്ച സൗകര്യങ്ങളും, ഉയർന്ന ഡ്രൈവിംഗ് മികവും വേറിട്ടു നിര്‍ത്തുന്നു.

കൂടുതൽ കരുത്തുറ്റതും ആഡംബര സമൃദ്ധവുമാണ് പുത്തന്‍ കാര്‍. അതുകൊണ്ട് തന്നെ ഇന്ത്യയിലെ സൂപ്പർകാർ പ്രേമികളുടെ മനം കവരാനാണ് പുതിയ ജിടി-ആറിന്‍റെ ശ്രമം. അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടിയ 3.8 ലീറ്റർ വി സിക്സ് 24 വാൽവ് ഇരട്ട ടർബോചാർജ്‍ഡ് എൻജിനാണ് ജി ടി-ആറിന്റെ കരുത്ത്. 570 പിഎസ് കരുത്തും 637 എൻഎം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. 6 സ്പീഡ് ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷനാണ് ജിടിആറിലുള്ളത്. നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും മൂന്ന് സെക്കന്റു മാത്രം.

യൂറോപ്പ്യൻ വിപണിയിലേക്കായി നിർമിച്ച പ്രീമിയം എഡിഷൻ ജി ടി-ആർ ആണ് ഇന്ത്യയിലെത്തുന്നത്. ക്രോം ഫിനിഷിങില്‍ വി ആകൃതിയിൽ നൽകിയിട്ടുള്ള ഗ്രില്‍. അകത്തളത്തിൽ എക്സറ്റീരിയര്‍ നിറത്തോട് കിടപിടിക്കുന്ന തരത്തിലുള്ള ലെതര്‍. കറ്റ്സുര ഓറഞ്ച്, വൈബ്രന്റ് റെഡ്, അള്‍ട്ടിമേറ്റ് സില്‍വര്‍, പേള്‍ ബ്ലാക്ക്, സ്റ്റോം വൈറ്റ്, ഡേടോണ ബ്ലൂ, ഗണ്‍ മെറ്റാലിക് എന്നീ ഏഴു നിറങ്ങളിള്‍ ഈ സൂപ്പർ കാർ ഇന്ത്യയിൽ ലഭ്യമാകും. 1.90 കോടി രൂപയാണ് ജിടി-ആറിന്റെ ഇന്ത്യൻ വിപണിയിലെ വില. ഓഡി ആർ8 വി10, പോഷെ911 ടർബോ കാറുകളോടാവും ജിടിആറിന് നിരത്തിലും വിപണിയില്‍ പോരടിക്കേണ്ടി വരിക.

ഈ വർഷം ന്യൂയോർക്കിൽ നടന്ന ഓട്ടോഎക്സ്പോയിലാണ് ജിടിആറിന്‍റെ ആദ്യാവതരണം. കഴിഞ്ഞ മാസം തന്നെ ഈ സൂപ്പർകാറിനുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. 25 ലക്ഷം അഡ്വാൻസ് തുക നൽകിയായിരുന്നു പ്രീ ബുക്കിംഗ്.