ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ വൈദ്യുത കാറായ ലീഫിന്റെ രണ്ടാം തലമുറ പുറത്തിറക്കി. ഓരോ തവണ ചാർജ് ചെയ്യുമ്പോഴും കൂടുതൽ ദൂരം ഓടാൻ ശേഷിയോടെയാണ് പുത്തന്‍ ലീഫ് എത്തുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 മൈൽ(ഏകദേശം 400 കിലോമീറ്റർ) ഓടാൻ കഴിയുമെന്നതാണു പുതിയ ‘ലീഫി’ന്റെ പ്രധാന പ്രത്യേകത. ആദ്യ ലീഫില്‍ ഇത് കേവലം 250 കിലോമീറ്റർ മാത്രമായിരുന്നു.

വർധിച്ച സഞ്ചാര ശേഷിക്കൊപ്പം ഭാഗികമായ സ്വയം നിയന്ത്രണ ശേഷിയും രണ്ടാം തലമുറ ലീഫിന്റെ സവിശേഷതയാണ്. മോട്ടോർവേയിലൂടെ സഞ്ചരിക്കുമ്പോൾ ഒരേ ലെയ്നിൽ തുടരാൻ ഈ ‘ലീഫി’നു സ്വയം സാധിക്കും. ഒപ്പം ഡ്രൈവറുടെ ഇടപെടൽ ഒട്ടുമില്ലാതെ സ്വയം പാർക്കിങ്ങിൽ ഇടംപിടിക്കാനും പുത്തൻ ‘ലീഫി’നു കഴിയും. അടുത്ത മാസം മുതൽ ജപ്പാനിൽ വിൽപ്പനയ്ക്കെത്തുന്ന പുതിയ ‘ലീഫി’ന് 31.50 ലക്ഷം യെൻ(ഏകദേശം 18.55 ലക്ഷം രൂപ) ആണു വില. അടുത്ത വർഷം ആദ്യത്തോടെ യു എസിലും കാനഡയിലും ലീഫിന്റെ രണ്ടാം തലമുറ മോഡൽ ലഭ്യമാവും.

ഏഴു വർഷം മുമ്പാണു നിസ്സാൻ ‘ലീഫു’മായി വിപണിയിലെത്തുന്നത്. തുടർന്ന് ആഗോളതലത്തിൽ ഇതുവരെ 2.80 ലക്ഷം ‘ലീഫ്’ നിരത്തിലിറങ്ങിയിട്ടുണ്ട്.