ന്യൂഡല്‍ഹി: ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്‍റെ ചെറു കാര്‍ മൈക്രയുടെ ഫാഷന്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനട്ടണും ചേര്‍ന്നാണ് പുതിയ എഡിഷന്‍ വിപണിയിലെത്തിക്കുന്നത്. ബെനട്ടണില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിമിറ്റഡ് എഡിഷന്‍ നിസാന്‍ മൈക്ര ഫാഷന്‍ ഒരുങ്ങിയിരിക്കുന്നത്. ഫാഷന്‍ ബ്ലാക്, ഫാഷന്‍ ഓറഞ്ച് എന്നീ കളര്‍ ഓപ്ഷനുകളിലാണ് പുതിയ മൈക്ര ലഭ്യമാകുന്നതും. മൈക്ര എക്‌സ്എല്‍ സിവിടി മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ എത്തിയിരിക്കുന്നത്. 6.09 ലക്ഷം രൂപയാണ് പുതിയ മൈക്ര ഫാഷന്‍ എഡിഷന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
'റണ്‍സ് ഫോര്‍ ഫാഷന്‍' എന്ന ടാഗ്ലൈന്‍ ഉപയോഗിച്ചായിരിക്കും വാഹനം വിപണനം ചെയ്യുന്നത്. നിസാന്‍ കണക്ട് കണക്ടിവിറ്റിയ്ക്കും സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഒപ്പമാണ് നിസാന്‍ മൈക്ര ഫാഷന്‍ എഡിഷന്‍ എത്തുന്നത്. കൂടാതെ, മൈക്ര ഫാഷന്‍ എഡിഷനില്‍ 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഓഡിയോ-വിഷ്വല്‍ നാവിഗേഷനുമുണ്ട്. വശങ്ങളിലുള്ള സ്‌പോര്‍ടി ഡീക്കലുകള്‍, ഓറഞ്ച് ടച്ച് നേടിയ ബ്ലാക് വീല്‍ കവറുകള്‍, ഒആര്‍വിഎമ്മിന് ലഭിച്ച ബോള്‍ഡ് ഡിസൈനര്‍ സ്‌ട്രൈപുകളുമെല്ലാം ഫാഷന്‍ എഡിഷന്റെ ഡിസൈന്‍ ഫീച്ചറുകളാണ്.
ബ്ലാക് പിയാനൊ ഫിനിഷ് ലഭിച്ച ഓറഞ്ച് കളര്‍ സ്‌കീമാണ് അകത്തളത്തെ പ്രധാന പ്രത്യേകത. ഓറഞ്ച് സ്റ്റിച്ചിംഗ് നേടിയ യൂറോപ്യന്‍ ബ്ലാക് സീറ്റുകള്‍, ഡിസൈനര്‍ ഫ്‌ളോര്‍ മാറ്റുകള്‍, ബെനട്ടണ്‍ സിഗ്നേച്ചറോടെയുള്ള ഡിസൈനര്‍ ഹെഡ്‌റെസ്റ്റ് കവറുകള്‍ ഉള്‍പ്പെടുന്നതാണ് മറ്റു ഇന്റീരിയര്‍ ഫീച്ചറുകള്‍. 76 bhp കരുത്തും 104 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മൈക്രയില്‍ ഒരുങ്ങുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. പെട്രോള്‍ വേരിയന്റുകള്‍ക്ക് 19.34 കിലോമീറ്ററും ഡീസല്‍ വേരിയന്റുകള്‍ക്ക് 23.08 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
മൈക്ര ഫാഷന്‍ എഡിഷന്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളും നിസാന്‍ ഒരുക്കുന്നുണ്ട്. മൈക്ര ഫാഷന്‍ എഡിഷന്റെ ആദ്യ 500 ഉപഭോക്താക്കള്‍ക്ക് ബെല്‍റ്റുകള്‍, ഡിസൈനര്‍ വാലറ്റുകള്‍ ഉള്‍പ്പെടുന്ന ബെനട്ടണ്‍ പേഴ്‌സണല്‍ ആക്‌സസറികള്‍ നിസാന്‍ നല്‍കും. കൂടാതെ, കാഴ്ചവെക്കുന്ന നല്‍കുന്ന 5 വര്‍ഷ എക്സ്റ്റന്റഡ് വാറന്റിയും ഉപഭോക്താക്കള്‍ക്ക് നേടാം.
ഇന്ത്യയില്‍ മികച്ച വിജയംകണ്ട നിസ്സാന്‍ മോഡലുകളിലൊന്നാണ് മൈക്ര. വലിയതോതില്‍ കയറ്റുമതിയും ചെയ്യുന്ന മോഡലാണിത്. 80,038 യൂണിറ്റ് മൈക്രയാണ് 2016-17 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ വിറ്റത്. 70,665 യൂണിറ്റ് കയറ്റുമതിയും ചെയ്തു.
