സഞ്ചാരികളേ, നിങ്ങള്‍ പലയിടങ്ങളിലും യാത്ര പോകുന്നവരായിരിക്കും. ആര്‍ത്തുല്ലസിച്ച് അങ്ങനെ സഞ്ചരിക്കുമ്പോള്‍ ചുറ്റുമുള്ള മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെ സ്വകാര്യത കൂടെ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഈ സംഭവിച്ചതു പോലുള്ള മുട്ടന്‍പണിയാവും നിങ്ങളെ തേടിയെത്തുക.

ഹിമക്കരടിയെ ഭയപ്പെടുത്തിയതിനു ഒരുലക്ഷം രൂപ പിഴയൊടുക്കേണ്ടി വന്ന ഒരു ടൂറിസ്റ്റ് ഗൈഡാണ് കഥാനായകന്‍. നോര്‍വേയിലെ സ്വാല്‍ബാര്‍ഡിലാണ് സംഭവം. വിനോദസഞ്ചാര സംഘത്തോടൊപ്പം മഞ്ഞുമലയിലൂടെ ട്രെക്കിങ് നടത്തവേയാണ് സംഭവം. 900 മീറ്ററോളം അകലെ വിശ്രമിക്കുകയായിരുന്ന ഹിമക്കരടിയുടെ സമീപത്തേക്ക് സംഘവുമായി ഗൈഡ് നീങ്ങി.

മനുഷ്യരെ കണ്ട ഹിമക്കരടി പേടിച്ച് ഓടുകയായിരുന്നു. അകലെയാണെങ്കിലും വന്യജീവികളെ ശല്യപ്പെടുത്തുന്നത് നിയമപരമായി ശിക്ഷാര്‍ഹമാണ്. ഗൈഡ് തന്റെ തെറ്റ് സമ്മതിച്ചതായും സ്വാല്‍ബോര്‍ഡ് ഗവര്‍ണര്‍ അറിയിച്ചു. ഹിമക്കരടിയെ ഭയപ്പെടുത്തിയ ടൂറിസ്റ്റ് ഗൈഡിന് ഒരു ലക്ഷം രൂപ (13000 നോര്‍വേ ക്രോണ്‍) ആണ് പിഴ ചുമത്തിയത്.

സ്വാല്‍ബോര്‍ഡില്‍ ഹിമക്കരടികളെ വിനോദസഞ്ചാരികള്‍ ശല്യപ്പെടുത്തുന്ന സംഭവങ്ങള്‍ വ്യാപകമാണ്. ഇത് നിയന്ത്രിക്കാനായി പലയിടങ്ങളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും അധികൃതര്‍ അറിയിച്ചു.