പ്രളയകാലം കഴിഞ്ഞു. പാലം കടന്നാല്‍ കൂരായണ എന്ന പതിവ് നമ്മള്‍ തെറ്റിച്ചില്ല. പ്രളയ കാലത്തിനൊപ്പം രക്ഷകരെയും നമ്മള്‍ സൗകര്യപൂര്‍വ്വം മറന്നു തുടങ്ങിയിരിക്കുന്നു. തങ്ങളുടെ വാഹനങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെപ്പറ്റിയൊന്നും ചിന്തിക്കാത്ത ഓഫ് റോഡ് വാഹനങ്ങളുടെ നെഞ്ചത്ത് വില്ലന്മാരുടെ പഴയ പരിവേഷം അധികൃതര്‍ വീണ്ടും ചാര്‍ത്തിത്തുടങ്ങിയിരിക്കുന്നു. 

തിരുവനന്തപുരം: ഒറ്റ നോട്ടത്തില്‍ അഹങ്കാരികളെന്നും ധിക്കാരികളെന്നുമൊക്കെ നമ്മുടെ പൊതുബോധം വിധിയെഴുതുന്നവരാണ് ഓഫ് റോഡ് വാഹനങ്ങളും അവയുടെ ഉടമകളും. എന്നാല്‍ കേരളത്തെ ഞെട്ടിച്ച പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളെപ്പോലെ അവരും നമുക്ക് ദൈവദൂതന്മാരായിരുന്നു. മുച്ചൂടും മുക്കിയ വെള്ളത്തിലേക്ക് ഒട്ടും ഭയമില്ലാതെയാണ് ജീവനെക്കാളേറെ സ്‍നേഹിക്കുന്ന വണ്ടികളുമായി അവരും ഓടിയിറങ്ങിയത്. മരണത്തിന്‍റെ വായില്‍ നിന്നും ആയിരങ്ങളുടെ ജീവനുകളെയാണ് ഈ ഓഫ് റോഡ് ജീപ്പുകളും ഡ്രൈവര്‍മാരും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തിയത്. തീര്‍ന്നില്ല, വെള്ളം ഇറങ്ങുന്നതും കാത്ത് നമ്മള്‍ പകച്ചു നിന്നപ്പോള്‍ ആയിരങ്ങള്‍ക്ക് അന്നവും വസ്ത്രവുമൊക്കെയായി എത്തിയതും ഇവരൊക്കെത്തന്നെ.

പക്ഷേ പാലം കടന്നാല്‍ കൂരായണ എന്ന പതിവ് നമ്മള്‍ തെറ്റിച്ചില്ല. പ്രളയ കാലത്തിനൊപ്പം ഈ രക്ഷകരെയും നമ്മള്‍ സൗകര്യപൂര്‍വ്വം മറന്നു തുടങ്ങിയിരിക്കുന്നു. തങ്ങളുടെ വാഹനങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെപ്പറ്റിയൊന്നും ചിന്തിക്കാത്ത ഈ മനുഷ്യരുടെ നെഞ്ചത്ത് വില്ലന്മാരുടെ പഴയ പരിവേഷം അധികൃതര്‍ വീണ്ടും ചാര്‍ത്തിത്തുടങ്ങിയിരിക്കുന്നു. മോഡിഫൈഡ് വാഹനങ്ങള്‍ക്കെതിരെ അടുത്തിടെ സുപ്രീം കോടതി ഉത്തരവു കൂടി വന്നതോടെയാണ് ഇത് കൂടുതലായത്. ഇപ്പോള്‍ വണ്ടിയുമായി റോഡിലിറങ്ങാന്‍ പറ്റാത്ത അവസ്ഥായിലാണെന്ന് കേരള അഡ്വഞ്ചറസ് സ്പോര്‍ട്‍സ് ക്ലബ്ബ് അംഗങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

"പ്രളയകാലത്ത് ചെറിയ തോതിലെങ്കിലും രക്ഷാപ്രവര്‍ത്തനം ഞങ്ങളും നടത്തിയിരുന്നു. അതിനിടെ പലരുടെയും വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുമുണ്ടായി. അതിനൊന്നും ആരോടും ഞങ്ങള്‍ക്ക് പരാതിയില്ല. കാരണം അതു ഞങ്ങളുടെ കടമയാണെന്നാണ് കരുതുന്നത്. അംഗീകാരമൊന്നും വേണ്ട, പക്ഷേ ഇങ്ങനെ ദ്രോഹിക്കാതിരുന്നാല്‍ മതി.." കേരള അഡ്വഞ്ചറസ് സ്പോര്‍ട്സ് ക്ലബ്ബ് അംഗമായ ടിസണ്‍ തറപ്പേല്‍ പറയുന്നു. 

മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ ഉപദ്രവമാണ് സഹിക്കാനാവാത്തതെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രധാന പരാതി. പ്രളയകാലം കഴിഞ്ഞയുടന്‍ അതിനല്‍പ്പം ശമനമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം പഴയപടി ആയിത്തുടങ്ങിയെന്നും ഇവര്‍ പറയുന്നു. "കോടതി ഉത്തരവൊക്കെ വരുന്നതിനും മുമ്പേ ഈ പ്രശ്നമുണ്ട്. പ്രളയത്തിനു ശേഷം ആദരിക്കലൊക്കെയുണ്ടായിരുന്നു. അപ്പോള്‍ ചീഫ് സെക്രട്ടറിയാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്‍തത്. ഇതൊക്കെ കാണിച്ചാണ് ഉപദ്രവങ്ങളില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെടുന്നത്. ഇങ്ങനെ എത്രനാള്‍..?" ടിസണ്‍ ചോദിക്കുന്നു.

ആര്‍ക്കും ബുദ്ധിമുട്ടാണ്ടാക്കുന്ന തരം മോഡിഫിക്കേഷനുകള്‍ വാഹനത്തില്‍ വരുത്താറില്ലെന്ന് അഡ്വഞ്ചറസ് സ്പോര്‍ട്സ് ക്ലബ്ബ് അംഗങ്ങള്‍ ഉറപ്പിച്ചു പറയുന്നു. "സത്യത്തില്‍ ഇതിനെ മോഡിഫിക്കേഷന്‍ എന്നു വിളിക്കുന്നത് തന്നെ ശരിയല്ല. വാഹനങ്ങളെ അപ് ഗ്രേഡ് ചെയ്യുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. മൂന്നും നാലും പതിറ്റാണ്ടുകള്‍ പഴക്കമുള്ള വണ്ടികളെ സുരക്ഷ കൂട്ടാന്‍ അടിമുടി അപ് ഗ്രേഡ് ചെയ്യുകയാണ്. ബ്രേക്കൊക്കെ മാറ്റും. ഡിസ്ക് ബ്രേക്ക്, ബൂസ്റ്റര്‍ ബ്രേക്ക് തുടങ്ങിയവയൊക്കെ നല്‍കും. നിര്‍മ്മാതാക്കള്‍ നല്‍കാത്ത തരം സീറ്റ് ബെല്‍റ്റുകളൊക്കെയാണ് ഞങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത്.." ടിസണ്‍ പറയുന്നു. 

ലൗഡര്‍ എക്സ്ഹോസ്റ്റുകളെയും ബോഡിയും ചേസും വെട്ടിമുറിക്കുന്നതിനെയുമൊന്നും തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു. ശക്തി കൂടിയ ലൈറ്റുകളും റോഡില്‍ ഉപയോഗിക്കാറില്ല. ഇക്കാര്യത്തില്‍ അഗംങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ക്ലബ്ബ് വ്യക്തമാക്കുന്നു. "രാത്രിയില്‍ ട്രെയില്‍ ഡ്രൈവിനു മാത്രമാണ് ഇത്തരം ലൈറ്റുകള്‍ ഉപയോഗിക്കുന്നത്. റോഡിലിറക്കുമ്പോള്‍ ഈ ലൈറ്റുകള്‍ കവര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. സേഫ്റ്റിയും സസ്പെന്‍ഷനുമൊക്കെ മാത്രമാണ് മാറ്റുന്നത്. ഇതൊക്കെ മികച്ച രീതിയില്‍ ചെയ്യുന്ന വിദഗ്ധരായ മെക്കാനിക്കുകളുമുണ്ട്.." ടിസണ്‍ പറയുന്നു. 

റിക്രിയേഷനും റേസിംഗിനുമൊക്കെയല്ലാതെ ഈ വാഹനങ്ങളെ ദൂരെ യാത്രയ്ക്കൊന്നും ആരും ഉപയോഗിക്കാറില്ല. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമൊക്കെ പരിഹസിച്ചിരുന്ന വലിയ ടയറുകളും ഉയർന്ന എയർ ഇൻടേക്കുകളുമൊക്കെയാണ് പ്രളയത്തില്‍ കുടുങ്ങിയവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതെന്ന് പറയുമ്പോള്‍ ഈ വാഹന പ്രേമികളുടെ ശബ്ദത്തില്‍ ഇപ്പോഴും അഭിമാനം തുളുമ്പും. ഫോര്‍ വീൽ ഡ്രൈവുള്ള വാഹനങ്ങളായതുകൊണ്ടാണ് റോഡില്ലാത്ത സ്ഥലങ്ങളിലൂടെയൊക്കെ അന്ന് എളുപ്പം സഞ്ചരിക്കാൻ കഴിഞ്ഞത്. "എന്നാല്‍ ഇപ്പോള്‍ റോഡില്‍ വച്ച് വാഹനം തടഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ പറയും പഴയ അവസ്ഥയില്‍ ആക്കിക്കാണിക്കണമെന്ന്.." ഇതു പറയുമ്പോള്‍ ഇവരുടെ മുഖങ്ങളില്‍ വേദന കലര്‍ന്ന ചിരി പടരുന്നു. തിരുവനന്തപുരത്തെ ഓപ്പറേഷന്‍ കോബ്രയും തങ്ങളുടെ നെഞ്ചിലാണ് ആണിയടിക്കുന്നതെന്ന് ഇവര്‍ പറയുന്നു. 

ലക്ഷങ്ങൾ വിലയുണ്ട് ഈ ഓഫ് റോഡ് വാഹനങ്ങള്‍ക്ക്. എന്നാല്‍ നിരന്തരം വെള്ളത്തിലൂടെ ഓടി കേടുപാടുകൾ സംഭവിച്ചിട്ടും അതൊന്നും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ മാത്രം മുഴുകുകയായിരുന്നു ഇവര്‍. "വെള്ളം കയറി എന്‍റെ വണ്ടിയുടെ ഫ്യുവല്‍ പമ്പ് കേടായി. എഞ്ചിന്‍ മുഴുവനായും ഡാമേജായവരുണ്ട്. റെസ്ക്യൂവില്‍ പങ്കെടുത്ത പലരുടെയും വണ്ടികള്‍ റിലീഫ് സമയമാകുമ്പോഴേക്കും കട്ടപ്പുറത്തായി. അമ്പതു വര്‍ഷം പഴക്കമുള്ള ഒരു ജീപ്പ് വെള്ളം കയറി ഉപയോഗ ശൂന്യമായി..പിന്നീട് ഏറെ പണിയെടുത്താണ് അത് നന്നാക്കിയത്.." ടിസണ്‍ പറയുന്നു.

മോഡിഫൈ ചെയ്ത വാഹനങ്ങൾ ഇനി മുതൽ രജിസ്റ്റർ ചെയ്തു നൽകരുതെന്നാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. എന്നാല്‍ ഇത്തം വാഹനങ്ങള്‍ക്ക് പ്രത്യക പെര്‍മിറ്റ് കിട്ടാനുള്ള നിയമവശം പരിശോധിക്കുകയാണ് ഇപ്പോള്‍ ഈ മേഖലയിലുള്ളവര്‍. ഈ വാഹനങ്ങളുടെ അപ് ഗ്രഡേഷനും മോഡിഫിക്കേഷനും രണ്ടായി കാണണമെന്നും അതിനായി പ്രത്യക സമതിയെ നിയോഗിച്ച് ശാസത്രീയമായ പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കണമെന്നുമാണ് ഇവരുടെ ആവശ്യം. മേഘാലയ പോലുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ഓഫ് റോഡ് വാഹനങ്ങള്‍ക്ക് പ്രത്യേക പരിഗണന കിട്ടുന്നതായി കേട്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 

ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ടിസണ്‍ എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പ്രളയകാലത്ത് സോഷ്യല്‍ മീഡിയകളിലൂടെ കൈമാറിയ സന്ദേശങ്ങള്‍ പങ്കവച്ചാണ് പ്രളയഭൂമിയില്‍ ഇവര്‍ കൈകോര്‍ക്കുന്നതും ആയിരങ്ങളെ രക്ഷിക്കുന്നതും. ഇതുപോലെ ഈ ദുരിതകാലത്ത് സോഷ്യല്‍ മീഡിയ തങ്ങള്‍ക്കും തുണയാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

"2017ല്‍ പമ്പയിലെ വെള്ളപ്പൊക്കത്തില്‍ ശബരിമല ഒറ്റപ്പെട്ടപ്പോള്‍ രക്ഷാ ദൗത്യത്തില്‍ ഞങ്ങളും സഹകരിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെ ഔദ്യോഗികമായി അറിയിച്ചായിരുന്നു അന്ന് ആ ദൗത്യത്തില്‍ പങ്കാളികളായത്.. എപ്പോഴും പ്രശ്നം വരുമ്പോള്‍ ഉപയോഗിക്കും. പിന്നങ്ങ് മറക്കും.. എന്താല്ലേ..?!"

വേദന കലര്‍ന്ന ശബ്‍ദത്തില്‍ ടിസണ്‍ ചോദിക്കുന്നു.