തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമങ്ങൾ ലംഘിച്ചവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാൻ തിരുവനന്തപുരത്ത് ചേർന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ഒക്ടോബർ മുതൽ നിരത്തുകളിൽ ആവർത്തിച്ച് നിയമലംഘനങ്ങൾ നടത്തിയവരുടെ ലൈസൻസുകളാണ് മൂന്ന് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യുക. ഏകദേശം ഒന്നരലക്ഷത്തോളം പേർക്കെതിരെ നടപടി ഉണ്ടാകും.
സുപ്രീംകോടതി നിയമിച്ച ജസ്റ്റീസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്യാൻ ഗതാഗത വകുപ്പ് തീരുമാനമെടുത്തത്. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് നിയമങ്ങൾ കർക്കശമാക്കാനാണ് കമ്മിറ്റിയുടെ നിർദ്ദേശം. ഇത് അനുസരിച്ചാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം മോട്ടോർ വാഹനവകുപ്പ് എടുത്തത്.
ഇതിനായി 2016 ഒക്ടോബർ മുതൽ സംസ്ഥാനത്തെ നിരത്തുകളിൽ നിയമലംഘിച്ചരുടെ പട്ടിക ഗതാഗത വകുപ്പ് തയ്യാറാക്കി. അമിതവേഗത്തിൽ വാഹനം ഓടിച്ചവർ, മദ്യപിച്ച് വാഹനം ഓടിച്ചവർ, അലക്ഷ്യമായി വാഹനമോടിച്ച് അപകടം വരുത്തിയവർ എന്നിവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം ഒന്നരലക്ഷത്തോളം പേരാണ് പട്ടികയിലുള്ളത്. പലരും പിഴ ഒടുക്കുന്നതിന് നിരവധി തവണ മോട്ടോർ വാഹനവകുപ്പിന്‍റെ നോട്ടീസ് ലഭിച്ചിട്ടും തയ്യാറാകാത്തവരാണ്.
ഇവർക്ക് സംസ്ഥാനത്തെ വിവിധ ആർടിഒ ഓഫീസുകൾ വഴി കാരണം കാണിക്കൽ നോട്ടീസുകൾ അയക്കും. നിയമലംഘനങ്ങൾ നടത്തിയതിന് ലൈസൻസ് ഉടമകൾ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസുകൾ സസ്പെൻഡ് ചെയ്യും. അതേസമയം, നോട്ടീസ് ലഭിച്ചിട്ടും വിശദീകരണം നൽകാത്തവരുടെ ലൈസൻസുകൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
