ന്യൂയോർക്ക്: വളർത്തുമയിലുമായി വിമാനയാത്രക്കെത്തിയ യാത്രക്കാരിക്ക് എയര്‍ലൈന്‍സ് അധികൃതര്‍ യാത്രനിഷേധിച്ചു. അമേരിക്കയിലെ ന്യൂജേർസിയിലെ നെവാർക്ക് വിമാനത്താവളത്തിലാണ് സംഭവം. യുണൈറ്റഡ് എയർലൈൻസാണ് യാത്ര നിഷേധിച്ചു. വിമാന സർവീസ് ചട്ടപ്രകാരം മയിലിന് യാത്ര അനുവദിക്കാൻ കഴിയില്ലെന്ന് എയർലൈൻസ് അധികൃതർ വ്യക്തമാക്കി. ന്യൂയോർക്കിലെ പ്രമുഖ ടി.വി ഷോയുടെ തിരക്കാഥാകൃത്താണ് മയിലുമായി വിമാനത്താവളത്തിലെത്തിയത്.

മയിലിന്റെ അമിതഭാരവും വലിപ്പമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർക്ക് യാത്ര അനുമതി നിഷേധിച്ചത്. ഇത് സംബന്ധിച്ച് വിമാനത്താവളത്തിൽ എത്തുന്നതിന് മുന്നേ തന്നെ അറിയിപ്പ് നൽകിയിരുന്നുവെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി. മയിൽ യാത്രാ സമയത്ത് വിമാനത്തിനുള്ളിൽ നിന്നും പറന്നാൽ അത് യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. തന്റെ മയിലിന് യാത്ര നിഷേധിച്ചതിനെ തുടർന്ന് യാത്രക്കാരിയും വിമാനത്തിൽ കയറിയില്ല.

ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്ന രോഗികൾക്ക് ഡോക്ടർമാർ ഇമോഷണൽ സപ്പോർട്ട് ആനിമൽസ് നിർദ്ദേശിക്കാറുണ്ട്. ഇത് കണക്കിലെടുത്ത് യാത്രക്കാർക്ക് വൈകാരിക പിന്തുണ നൽകാൻ മൃഗങ്ങളോ ഇത്തരം ജീവികളോ പക്ഷികളോ ആയി യാത്ര ചെയ്യാമെന്ന നിയമമുണ്ട്. പൊതുവെ പട്ടികളോ പൂച്ചകളോ ആണ് പലരും ഇപ്രകാരം കൂടെകൂട്ടാറുള്ളത്.

എന്നാല്‍ തത്ത, ആന, കുതിര, പല്ലി, കുരങ്ങന്‍, മയില്‍ എന്നിവയും പന്നികളേയും ഈ ലിസ്റ്റിലുണ്ട്. യുണൈറ്റഡ് കിങ്ഡം, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഈ സേവനം ലഭ്യമാണ്.

ഇത്തരത്തില്‍ യാത്രക്കാര്‍ക്കൊപ്പം 2014ല്‍ മാത്രം 25000 ഇമോഷണല്‍ സപ്പോര്‍ട്ട് അനിമല്‍സാണ് യാത്ര ചെയ്തത് എന്നാണ് ജെറ്റ് ബ്ലൂ വക്താവ് പറയുന്നത്. 2013ലെ കണക്കില്‍ നിന്നും ഒരു വര്‍ഷംകൊണ്ട് 11 ശതമാനം വര്‍ദ്ധനവ്. തുടര്‍വര്‍ഷങ്ങളിലെ കണക്കുകള്‍ ലഭ്യമല്ല.