രാജ്യത്തെ വാഹനവിപണിയില്‍ സൂപ്പര്‍ താരങ്ങളായി  മാരുതിയും ഹ്യുണ്ടായിയും

രാജ്യത്തെ വാഹനവിപണിയില്‍ സൂപ്പര്‍ താരങ്ങളായി മാരുതിയും ഹ്യുണ്ടായിയും. 2018 ജനുവരി മുതൽ ജൂലൈ വരെയുള്ള പാസഞ്ചർ കാർ വിൽപ്പനയില്‍ ആദ്യ പത്തിൽ മാരുതിയുടേയും ഹ്യുണ്ടായിയുടേയും വാഹനങ്ങളാണുള്ളത്. 

ഒന്നുമുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ മാരുതിയുടെ വാഹനങ്ങളാണ്. 166088 യൂണിറ്റുകളുമായി മാരുതിയുടെ കോംപാക്റ്റ് സെഡാൻ ഡിസയറാണ് ഒന്നാമൻ. കഴിഞ്ഞ വർഷം ഇതേ സമയത്ത് രണ്ടാം സ്ഥാനത്തായിരുന്ന ഡിസയര്‍. 74 ശതമാനമാണ് ഡിസയറിന്‍റെ വളര്‍ച്ച. രണ്ടാം സ്ഥാനം മാരുതിയുടെ തന്നെ ചെറു ഹാച്ച്ബാക്കായ ജനപ്രിയ മോഡല്‍ അൾട്ടോയ്ക്കാണ്. 146761 യൂണിറ്റാണ് വിൽപ്പന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1 ശതമാനം വിൽപ്പന കുറവാണ് അള്‍ട്ടോയ്ക്ക്.

മാരുതിയുടെ തന്നെ ഹാച്ച്ബാക്കായ സ്വിഫ്റ്റിനാണ് മൂന്നാം സ്ഥാനം. 131091 യൂണിറ്റ് സ്വിഫ്റ്റുകളാണ് ഈ കാലയളവില്‍ നിരത്തിലിറങ്ങിയത്. 125451 യൂണിറ്റുകളുമായി നാലാം സ്ഥാനത്ത് ബലേനോയും 100604 യൂണിറ്റുകളുമായി അഞ്ചാം സ്ഥാനത്ത് വാഗൺആറുമുണ്ട്. 

കോംപാക്റ്റ് എസ്‌യുവി ബ്രെസയ്ക്കാണ് ആറാം സ്ഥാനം. 87893 യൂണിറ്റുകള്‍. ഹ്യുണ്ടേയ് ഐ20 എലൈറ്റിനാണ് ഏഴാം സ്ഥാനം. 81464 യൂണിറ്റാണ് വില്‍പ്പന. ഹ്യുണ്ടേയ് ഐ10 ഗ്രാൻഡ്(70501), ഹ്യുണ്ടേയ് ക്രേറ്റ (70501), മാരുതി സെലേറിയോ (55615) തുടങ്ങിയ വാഹനങ്ങളാണ് എട്ടു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.