ടെമ്പോ ട്രാവലര്‍ രാജ്യത്തെ ജനപ്രിയ വാഹനങ്ങളില്‍ ഒന്നാണ്. ഇന്ന് ഫോഴ്‍സ് മോട്ടോഴ്സ് പുറത്തിറക്കുന്ന ട്രാവലര്‍ സ്‌കൂള്‍ ബസിന്‍റെയും ആംബുലന്‍സിന്‍റെയും ടൂര്‍ ബസിന്‍റെയുമൊക്കെ രൂപത്തില്‍ നമ്മുടെ നിരത്തുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
എന്നാല്‍ ഇവയ്‌ക്കൊന്നുമില്ലാത്ത പ്രത്യേകതയുമായിട്ടെത്തിയ ഒരു ട്രാലറാണ് ഇപ്പോള്‍ വാഹനലോകത്തെ താരം. അത്യാഡംബര ഹോട്ടല്‍ മുറികളില്‍ മാത്രം കാണുന്ന സൗകര്യങ്ങളുമായി ഈ ട്രാവലര്‍ ദില്ലി ഓട്ടോ എക്സ്പോയിലാണ് അരങ്ങിലെത്തിയത്. പിനാക്കിള്‍ വെഹിക്കിള്‍സ് എന്ന കമ്പനിയാണ് വാഹനത്തെ മോഡിഫൈ ചെയ്തത്. ഫിന്‍ഷെ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രാവലറില്‍ ഏഴു പേര്‍ക്ക് സഞ്ചരിക്കാം.
6857 എംഎം ആണ് ചലിക്കുന്ന ഈ കൊട്ടാരത്തിന്‍റെ നീളം. ഇത് 1620 എംഎം വികസിപ്പിച്ച് നീളം 8447 എംഎം ആക്കാം. രണ്ട് മുറികളുണ്ട്. പിന്നോട്ട് വികസിപ്പിക്കാവുന്ന തരത്തിലുള്ള ബെഡ് റൂില്‍ നാലുപേര്‍ക്ക് വരെ കിടക്കാനുള്ള കട്ടിലുകളുമുണ്ട്.
മുന്നിലെ ലോഞ്ചില്‍ അഞ്ച് പേര്‍ക്കു വരെ ഇരുന്ന് സഞ്ചരിക്കാവുന്ന സോഫയുണ്ട്. ക്യൂന്‍ സൈസ് കിടക്കയാക്കി മാറ്റാന്‍ സാധിക്കുന്ന സോഫകളാണിത്. കൂടാതെ കോഫി ടേബിള്‍, എല്‍ഇഡി സ്‌ക്രീന്‍, ചെറിയ ഫ്രിഡ്ജ് എന്നിവയുമുണ്ട്. സണ്‍ റൂഫോടു കൂടിയതാണ് കിടപ്പുമുറി. കിടക്കയാക്കി മാറ്റാവുന്ന സോഫയാണ് ഇവിടെയും. എഇഡി ടിവി, പ്രത്യേക എസി തുടങ്ങിയ സൗകര്യങ്ങളും കിടപ്പുമുറിയിലുണ്ട്‍. 40 മുതല്‍ 50 ലക്ഷം രൂപ വരെയാണ് വില.
അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ ടോയിലറ്റും വാഹനത്തിലുണ്ട്. 3.2 ലീറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 2800 ആര്‍പിഎമ്മില്‍ 113 ബിഎച്ച്പി കരുത്ത് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും.
