ജര്‍മന്‍ സ്‌പോര്‍ട്‌സ് വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ അപൂര്‍വ്വ ശ്രേണികളിലൊന്നായ പോര്‍ഷെ 911 R (റേസിങ്) ഇന്ത്യയിലെത്തി. ആഗോള വിപണി ലക്ഷ്യമിട്ട് കമ്പനി നിര്‍മിച്ച 991 സ്‌പെഷ്യല്‍ യൂണിറ്റുകളില്‍ ആദ്യത്തെ മോഡലാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. 1960കളില്‍ പുറത്തിറങ്ങിയ ആദ്യ 911 മോഡലിനോടുള്ള ആദരസൂചകമായാണ് ലിമിറ്റഡ് എഡിഷന്‍ റേസിങ് 911 പോര്‍ഷെ പുറത്തിറക്കിയത്. ലിമിറ്റഡ് എഡിഷന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പോര്‍ഷെ വ്യക്തമാക്കിയിട്ടില്ല.

4.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 500 പിഎസ് കരുത്തും പരമാവധി 6250 ആര്‍പിഎമ്മില്‍ 460 എന്‍എം ടോര്‍ക്കും നല്‍കും. 3.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 323 കിലോമീറ്ററാണ് പരമാവധി വേഗം.

എക്സ്റ്റീരിയര്‍ ഡിസൈനിംഗില്‍ പോര്‍ഷെ 911 കരേരയുമായി ഏറെ സാമ്യമുണ്ട് ലിമിറ്റഡ് എഡിഷന്. ഫ്രണ്ട്‌റിയര്‍ അപ്രോണ്‍, റിയര്‍ ബോഡി, എന്നിവയില്‍ 911 ഏഠ3യുമാണ് അല്‍പം സാമ്യം. 911 സീരീസില്‍ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണ് റേസിങ് 911. ഭാരം കുറയ്ക്കാന്‍ വാഹനത്തിന്റെ ബോണറ്റും വിങ്‌സും കാര്‍ബണ്‍ മെറ്റീരിയറിലും റൂഫ് മെഗ്‌നീഷ്യത്തിലുമാണ് നിര്‍മിച്ചത്. ഏകദേശം 1370 കിലോഗ്രാം ആണ് ആകെ ഭാരം.

2016 ജെനീവ മോട്ടോര്‍ ഷോയിലാണ് 911 റേസിങ് പോര്‍ഷെ ആദ്യമായി അവതരിപ്പിച്ചത്. കമ്പനിയുടെ ബെംഗളൂരുവിലെ പോര്‍ഷെ ഡീലര്‍ഷിപ്പിലാണ് ഒരെയൊരു 911 റേസിങ് കമ്പനി എത്തിച്ചത്.