എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഓൺലൈൻ ടാക്സി ബുക്കിംഗ് കൗണ്ടർ സ്ഥാപിക്കുന്നതിനെതിരെ പ്രതഷേധിച്ച നൂറോളം ഓട്ടോ ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് നീക്കി. സ്റ്റേഷനിലെത്തുന്ന ഓൺലൈൻ ടാക്സികളെ തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.
എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ ഓൺലൈൻ ടാക്സികൾക്കായുള്ള ബുക്കിംഗ് കൗണ്ടർ സ്ഥാപിച്ചതോടെ ഇന്നലെ മുതൽ പ്രീപെയ്ഡ് കൗണ്ടറിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷാ തൊഴിലാളികൾ സമരത്തിലാണ്. ഓൺലൈൻ ടാക്സികളെ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം രണ്ടാം ദിവസവും തുടർന്നതോടെ പൊലീസ് നൂറോളം സമരക്കാരെ അറസ്റ്റ് ചെയ്ത്നീക്കി. സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ച സമരക്കാരുമായി എസിപി കെ ലാൽജി ചർച്ച നടത്തി. ക്രമസമാധാന പ്രശ്നങ്ങളൊഴിവാക്കണമെന്ന ധാരണയിലെത്തിയതായി എസിപി പറഞ്ഞു
ഓൺലൈൻ ടാക്സികൾക്ക് എതിരല്ലെന്നും എന്നാൽ അവർക്കായി ബുക്കിംഗ് കൗണ്ടർ തുടങ്ങുന്നത് ഓട്ടോകൾക്ക് ഇപ്പോൾ കിട്ടുന്ന ഓട്ടം പോലും ഇല്ലാതാക്കുമെന്നുമാണ് സമരക്കാർ പറയുന്നത്.
ഏത് വാഹനത്തിൽ യാത്ര ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം യാത്രക്കാർക്കാണ് എന്ന നിലപാടിലാണ് റെയിൽവേ. ഏതായാലും ഓൺലൈൻ ടാക്സി കൗണ്ടർ പൂട്ടും വരെ സമരം ചെയ്യുമെന്ന നിലപാടിൽ തുടരുകയാണ് ഓട്ടോറിക്ഷ തൊഴിലാളികൾ.
