തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ടയറു പോകും വേറിട്ട പരീക്ഷണവുമായി മഹാരാഷ്ട്ര 

പൂനെ: തെറ്റായ സൈഡില്‍ വണ്ടിയോടിക്കുന്നവരെ നേര്‍വഴിയ്ക്ക് കൊണ്ട് വരാന്‍ കടുത്ത തീരുമാനങ്ങളുമായി മഹാരാഷ്ട്ര. പൂനെ അമാനോറ പാര്‍ക്കിലാണ് പരീക്ഷണാര്‍ത്ഥം ടയര്‍ കില്ലറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റോങ് സൈഡില്‍ വരുന്നവരുടെ ടയറില്‍ തുളഞ്ഞ് കയറുന്ന വിധമുള്ള കൂര്‍ത്ത മെറ്റല്‍ സ്ട്രിപ്പുകളാണ് റോഡില്‍ സ്ഥാപിക്കുന്നത്. 

ശരിയായ ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഒരു പ്രയാസവും കൂടാതെ കടന്ന് പോകാന്‍ കഴിയുന്ന വിധമാണ് ടയര്‍ കില്ലര്‍ എന്നറിയിപ്പെടുന്ന ഈ മെറ്റല്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റോങ്ങ് സൈഡില്‍ വണ്ടി ഓടിക്കുന്നവരെ പൂര്‍ണമായും നിയന്ത്രിക്കാന്‍ ഈ സംവിധാനം കൊണ്ട് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരീക്ഷണാര്‍ത്ഥത്തില്‍ സ്ഥാപിച്ചിട്ടുള്ള ഈ സംവിധാനം നഗരത്തില്‍ കൂടുതല്‍ ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണകൂടം. ഫുട്പാത്തുകളില്‍ കൂടിയുള്ള വാഹനമോടിക്കലിനും ഈ സംവിധാനം വച്ച് നിയന്ത്രണം കൊണ്ട് വരാമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ വിശദമാക്കുന്നു. പിഴയടയ്ക്കല്‍ തെറ്റായ ദിശയിലെ വാഹനമോടിക്കലിന് അറുതി വരുത്താതെ വന്നതോടെയാണ് ഇത്തരമൊരു പരീക്ഷണത്തിന് തീരുമാനിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്.