ചെന്നൈ: റിസര്‍വേഷന്‍ കോച്ചില്‍ ബര്‍ത്ത് ഒഴിഞ്ഞുകിടന്നിട്ടും അര്‍ഹതപ്പെട്ട യാത്രക്കാരന് അത് അനുവദിച്ചില്ലെന്ന പരാതിയില്‍ യാത്രക്കാരന് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം ഉത്തരവ്. ടിടിഇയും ദക്ഷിണ റയില്‍വേയും ചേര്‍ന്ന് തുക നല്‍കണമെന്നാണ് ചെന്നൈ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം ഉത്തരവിട്ടത്. സേലത്ത് നിന്നും ചെന്നൈയിലേക്കുള്ള കോവൈ എക്സ്പ്രസില്‍ യാത്രയ്ക്കിടെയാണ് സംഭവം.

അണ്‍റിസര്‍വ്ഡ് ടിക്കറ്റുമായി ട്രെയിന്‍ കയറി ത്യാഗരാജന്‍ എന്ന യാത്രക്കാരന്‍ റിസർവേഷൻ കോച്ചിൽ ബെർത്ത് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് 200 രൂപ നൽകാൻ ടി.ടി.ഇ. ആവശ്യപ്പെട്ടു. പണം നല്‍കിയതിന് രസീത് ആവശ്യപ്പെട്ടപ്പോള്‍ ടിടിഇ ഇയാളെ ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ത്യാഗരാജന്‍  ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു.  7 ബര്‍ത്തുകള്‍ ഒഴിഞ്ഞു കിടക്കുന്ന സമയത്തായിരുന്നു ടിടിഇ ബര്‍ത്ത് നിഷേധിച്ചതെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായിരുന്നു.ഇതേത്തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.