രാമായണത്തെപ്പറ്റി പറയുമ്പോള്‍ ശ്രീലങ്കയെ എങ്ങനെ ഓര്‍ക്കാതിരിക്കും? രാക്ഷസരാജാവായ രാവണന്‍റെ രാജ്യത്തിന് രാമായണത്തിലെ മറ്റേത് സ്ഥലനാമത്തെക്കാളും പ്രാധാന്യമുണ്ട്. രാമായണത്തിലെ ഏടുകള്‍ കോര്‍ത്തിണക്കി ശ്രീലങ്കന്‍ സര്‍ക്കാര്‍ ഒരുക്കുന്ന വിനോദ സഞ്ചാര പദ്ധതിയാണ് രാമായണ സര്‍ക്യൂട്ട്.

ഇവിടെയെത്തിയാല്‍ രാമായണത്തിലെ യുദ്ധകാണ്ഡത്തിന്‍റെ ദൃശ്യാനുഭവമാകും നിങ്ങള്‍ക്കു മുന്നില്‍ ദൃശ്യമാകുക. സീതയെ തടവില്‍ പാര്‍പ്പിച്ച അശോകവനിയും രാവണന്‍റെ കോട്ടയും സീത കുളിച്ചിരുന്ന അരുവിയും ആ അശോകമരവുമൊക്കെ നേരില്‍ക്കാണുക എന്നാല്‍ ചില്ലറ കാര്യമാണോ?

കൊളംബോയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെ നുവാറ ഏലിയക്ക് സമീപത്താണ് അശോക വനം. സീതാ ഏലിയ എന്നാണ് ഈ പ്രദേശം ഇന്ന് അറിയപ്പെടുന്നത്. ഇവിടെ റോഡരികിലായി സീതാ അമ്മന്‍ ക്ഷേത്രവും ഉണ്ട്. ഇതിനു പിറകിലാണ് അശോകവനം. സീതാരാമന്മാരുടെ ഒരുമിച്ചുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍. തൊട്ടടുത്ത് തൊഴുതു നില്‍ക്കുന്ന ഭക്തഹനുമാന്‍റെ പ്രതിഷ്ഠ.

സീതാ ദേവി തപസിരുന്ന അശോക മരത്തിന്‍റെ സ്ഥാനത്ത് മുളച്ച അശോകം അദ്ഭുതക്കാഴ്ചയാവും. രാവണക്കോട്ടയും സീതകുളിച്ച അരുവിയുമൊക്കെ ഇവിടെ കാണാം. ഒപ്പം അഞ്ജനേയമലയും ഉസ്സന്‍ ഗോഡയും ദുനുവില, കൊണ്ടകട്ടു ഗല, രുമശ്ശാല സഞ്ജീവിനി, മുനേശ്വരം, ദിവുരുംപോല തുടങ്ങിയ രാമായണവുമായി ബന്ധപ്പെട്ട നിരവധി കാഴ്ചകള്‍ ഇവിടെ കാത്തിരിപ്പുണ്ട്.