സുരക്ഷാ പരീക്ഷയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ നിര്‍മ്മിത റെനോ ഡസ്റ്റർ. എയർബാഗ് ഇല്ലാത്ത എസ്‌യുവികളുടെ സുരക്ഷാ പരിശോധനയിൽ ഡസ്റ്റര്‍ പരാജയപ്പെട്ടെന്ന് ക്രാഷ് ടെസ്റ്റ് നടത്തുന്ന ആഗോള ഏജൻസിയായ ഗ്ലോബൽ എൻസിഎപിയാണ് വ്യക്തമാക്കിയത്. ക്രാഷ് ടെസ്റ്റിൽ ‘പൂജ്യം’ റേറ്റിങ് ആണ് ഇന്ത്യൻ നിർമിത ഡസ്റ്ററിനെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ച് രാജങ്ങളില്‍ നിര്‍മ്മിച്ച് നൂറിലേറെ രാജ്യങ്ങളില്‍ വിറ്റഴിക്കുന്ന വാഹനമാണ് ഫ്രെഞ്ച് ആസ്ഥാനമായുള്ള റെനോയുടെ ഡസ്റ്റര്‍. ഇന്ത്യന്‍ നിര്‍മ്മിത ഡസ്റ്ററിലെ ഡ്രൈവർ അടക്കമുള്ള മുന്‍സീറ്റിലെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ചപ്പോള്‍ പിൻസീറ്റിലിരിക്കുന്ന കുഞ്ഞിന് സംരക്ഷണമേകുന്ന കാര്യത്തിൽ രണ്ടു മാർക്കാണ് ലഭിച്ചത്. ഡ്രൈവർ സൈഡിൽ എയർബാഗുള്ള ഡസ്റ്റർ മൂന്നു സ്റ്റാർ റേറ്റിങ് നേടി. എയർബാഗിന് സുരക്ഷ കുറവാണെന്നാണ് ഗ്ലോബൽ എൻസിഎപി സെക്രട്ടറി ജനറൽ ഡേവിഡ് വാർഡ് പറഞ്ഞു.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വിൽക്കുന്ന ഡസ്റ്ററിന് വലിയ എയർബാഗുകളാണുള്ളത്. വലിയ എയർബാഗ് കൂടുതൽ സംരക്ഷണമുറപ്പാക്കുന്നു. ലാറ്റിൻ അമേരിക്കയിൽ നടന്ന സമാന പരിശോധനയിൽ ഒറ്റ എയർബാഗുള്ള പതിപ്പിന് നാലു സ്റ്റാർ റേറ്റിങ് ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിൽ ബാധകമായ സുരക്ഷാ മാനദണ്ഡങ്ങൾ തങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് റെനോ ഇന്ത്യയുടെ പ്രതികരണം.