രാജ്യത്തെ ചെറുകാര്‍ ശ്രേണിയില്‍ മാരുതി സുസുക്കിയുടെ കുതിപ്പിന് തടയിട്ട് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. റെനോയുടെ ജനപ്രിയ മോഡല്‍ ക്വിഡ് വില്‍പ്പനയില്‍ 1.30 ലക്ഷം യൂണിറ്റ് പിന്നിട്ടാണ് ഇന്ത്യന്‍ വാഹനവിപണിയില്‍ പുത്തന്‍ അധ്യായത്തിനു തുടക്കം കുറിച്ചത്.

2015 സെപ്തംബറിലാണ് ക്വിഡ് രാജ്യത്ത് അരങ്ങേറ്റം കുറിക്കുന്നത്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ ഡസ്റ്ററിന് ശേഷം ഇന്ത്യന്‍ നിരത്തില്‍ റെനോ അവതരിപ്പിച്ച മോഡലായിരുന്നു ക്വിഡ്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ താന്‍ വെറും കിഡ് അല്ലെന്ന് തെളിയിക്കാന്‍ ക്വിഡിനു കഴിഞ്ഞു. താരതമ്യേന കുറഞ്ഞ വിലയും രൂപത്തില്‍ ചെറു എസ്‍യുവികളോട് കിടപിടിക്കുന്ന ഡിസൈന്‍ പാറ്റേണും കൊണ്ട് വിപണിയും നിരത്തുകളും ക്വിഡ് എളുപ്പം കീഴടക്കി. കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായ മാസങ്ങളില്‍ മികച്ച വില്‍പ്പനയുള്ള ആദ്യ 10 കാറുകളുടെ പട്ടികയില്‍ ക്വിഡും ഉണ്ടായിരുന്നു.

നിലവില്‍ 1000 സിസി, 800 എന്നീ രണ്ട് എഞ്ചിന്‍ വകഭേദങ്ങളിലാണ് ക്വിഡ് നിരത്തിലുള്ളത്. 1000 സി.സി ക്വിഡ് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 5500 ആര്‍പിഎമ്മില്‍ 68 ബി.എച്ച്.പി കരുത്തും 4250 ആര്‍പിഎമ്മില്‍ 91 എന്‍.എം ടോര്‍ക്കുമാണ് നല്‍കുന്നത്. 800 സിസി ക്വിഡ് 5678 ആര്‍പിഎമ്മില്‍ 53 ബിഎച്ച്പി കരുത്തും 4400 ആര്‍പിഎമ്മില്‍ 72 എന്‍എം ടോര്‍ക്കും നല്‍കുന്നു.

ബജറ്റ് ചെറു കാറുകളില്‍ വര്‍ഷങ്ങളായി മുന്‍പന്തിയിലുള്ള മാരുതി 800 മോഡലിനെ മറികടക്കാന്‍ സാധിച്ചില്ലെങ്കിലും മികച്ച വെല്ലുവിളി ഉയര്‍ത്താന്‍ ക്വിഡിന് കഴിഞ്ഞു. തുടക്കത്തില്‍ 800 സിസി കരുത്തിലെത്തിയ ക്വിഡ് പ്രതീക്ഷിച്ചതിലും വലിയ വിജയം സ്വന്തമാക്കിയതോടെ കരുത്ത് വര്‍ധിപ്പിച്ച് 1000 സിസി കരുത്തിലും ഓട്ടോമാറ്റിക് വകഭേദത്തിലും റെനോ പുറത്തിറക്കി. ഇതുവഴി 2016 അവസാനത്തോടെ രാജ്യത്തെ പാസഞ്ചര്‍ വാഹന സെഗ്‌മെന്റില്‍ 4.5 ശതമാനത്തിന്റെ അധിക വളര്‍ച്ച നേടാനും റെനോയ്ക്ക് സാധിച്ചു.

നിലവില്‍ ഇന്ത്യയില്‍ നിന്നും ആഫ്രിക്ക, നേപ്പാള്‍, ഭൂട്ടന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് ക്വിഡ് യൂണിറ്റുകള്‍ കമ്പനി കയറ്റി അയക്കുന്നുണ്ട്. ആള്‍ട്ടോയ്ക്ക് പുറമേ ഹുണ്ടായി ഇയോണ്‍, ടാറ്റ ടിയാഗോ മോഡലുകളാണ് ക്വിഡിന്റെ പ്രധാന എതിരാളികള്‍.