ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ ഹാച്ച് ബാക്ക് ക്വിഡിന്‍റെ ബിഎസ് 6 പാലിക്കുന്ന പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 2.92 ലക്ഷം മുതല്‍ 5.01 ലക്ഷം രൂപ വരെയാണ് (ക്ലൈംബര്‍ (ഒ) ഓട്ടോമാറ്റിക്) ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ വേരിയന്റുകള്‍ക്കും 9,000 രൂപ വില വര്‍ധിച്ചു. ആകെ 12 ട്രിമ്മുകളിലായി 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ റെനോ ക്വിഡ് തുടര്‍ന്നും ലഭിക്കും.

0.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ബിഎസ് 4 വേര്‍ഷന്റെ അതേ കണക്കുകള്‍. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

കൂടുതല്‍ പരിഷ്‍കാരങ്ങളോടെ പുതിയ റെനോ ക്വിഡ് 2019 ഒക്‌ടോബറില്‍ വിപണിയിലെത്തിയിരുന്നു. ചൈനയിൽ പറത്തിറങ്ങിയ റെനൊയുടെ ഇലക്ട്രിക് കാർ കെഇസഡ്–ഇയോട് വളരെ അധികം സാമ്യമുണ്ട് പുതിയ ക്വിഡിന്. 3735 മില്ലിമീറ്റര്‍ നീളവും പുതിയ ക്വിഡിനുണ്ടാവും. പഴയ ക്വിഡിനേക്കാളും നീളമുള്ള മോഡലാണിത്. 

പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, നിരവധി പുതിയ ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ ക്വിഡ് എത്തിയത്. പുതിയ ഫാബ്രിക് സീറ്റുകള്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ലഭിച്ചു. 

റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, റിയര്‍ സീറ്റ് ആം റെസ്റ്റ് എന്നിവയും നല്‍കി. ഡ്രൈവര്‍സൈഡ് എയര്‍ബാഗ്, ഇബിഡി സഹിതം എബിഎസ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. മാരുതി സുസുകി എസ്-പ്രെസോ, ഹ്യുണ്ടായ് സാന്‍ട്രോ, ടാറ്റ ടിയാഗോ എന്നിവയാണ് ക്വിഡിന്‍റെ എതിരാളികള്‍.