Asianet News MalayalamAsianet News Malayalam

രാജാവിനെപ്പോലെ സഞ്ചരിക്കൂ; ബജാജിന് എൻഫീൽഡിന്റെ മറുപടി

Revenge By Royal enfield Lovers against Dominar 400 Ad
Author
First Published Aug 18, 2017, 10:59 AM IST

ഇന്ത്യന്‍ നിരത്തുകളിലെ ഇരുചക്രവാഹന രാജാവും ഐക്കണിക്ക് ബ്രാന്‍റുമായ റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും തദ്ദേശീയ ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരുമായ ബജാജും തമ്മിലുള്ള പോര് കനക്കുന്നു. എന്‍ഫീല്‍ഡിനെ ട്രോളിയുള്ള ബജാജ് ഡോമിനറിന്‍റെ പരസ്യത്തിന് മറുപടിയെന്നോണം പുത്തന്‍ വീഡിയോയുമായി എന്‍ഫീല്‍ഡ് ആരാധകരും രംഗത്തെത്തി.

ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ പുതിയ ഡോമിനാറിനായി ഒരുക്കിയ പരസ്യത്തിലാണ് ഇന്ത്യന്‍ നിര്‍മാതാക്കളായ ബജാജ് പരോക്ഷമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ കളിയാക്കിയത്. ബുള്ളറ്റിന്റെ ഐക്കണിക് എന്‍ജിന്‍ ശബ്ദം അതേപടി പകര്‍ത്തി എന്‍ഫീല്‍ഡ് ബൈക്കുകളെ ആനകളായാണ് ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ അവതരിപ്പിച്ചത്. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാക്കുകളോടെയാണ് പരസ്യം തുടങ്ങുന്നത്. കുറച്ച് സഞ്ചാരികള്‍ ഹെല്‍മറ്റും പരിവാരങ്ങളുമായി ആനപ്പുറത്തുകയറി പ്രയാസപ്പെട്ട് യാത്ര ചെയ്യുന്നതും പിന്നാലെ ചീറിപാഞ്ഞെത്തിയ ഡോമിനാര്‍ 400 ആനകള്‍ക്കിടയിലൂടെ നിഷ്പ്രയാസം കുതിക്കുന്നതുമാണ് പരസ്യം.

എന്നാൽ തങ്ങളുടെ ജീവനായ റോയൽ എൻഫീല്‍ഡിനെ ട്രോളിയ ബജാജിന് രാജശാസനവുമായിട്ടാണ് റോയൽ എൻഫീൽഡ് ആരാധകർ എത്തിയിരിക്കുന്നത്. ബജാജ് ഡോമിനറിന്റെ പരസ്യത്തിന് ബദലായി വിഡിയോ പുറത്തിറക്കി റൈഡ് ലൈക്ക് എ കിങ് എന്നാണ് എൻഫീൽഡ് ആരാധകർ പറഞ്ഞിരിക്കുന്നത്. നേരത്തെ ബജാജിനെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. വേഗത്തിൽ ഓടുന്ന പട്ടിയേക്കാൾ കേമൻ ആന തന്നെയെന്നായിരുന്നു എൻഫീൽഡ് ആരാധകർ പറയുന്നത്.

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനര്‍ 400 കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒടുവിലാണ് വിപണിയിലെത്തിയത്. നിരവധി ആളുകള്‍ പരസ്യത്തിനെതിരെയും അനുകൂലിച്ചുമൊക്കെയുള്ള കമന്‍റുകളുമായും രംഗത്ത് വന്നിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios