Asianet News MalayalamAsianet News Malayalam

നികുതിയടയ്ക്കാത്ത വാഹന ഉടമകള്‍ക്ക് എട്ടിന്‍റെ പണി വരുന്നു

നികുതി അടയ്ക്കാത്ത വാഹനങ്ങളുടെ ഉടമകള്‍ക്കെതിരേ കര്‍ശന നടപടിക്ക് മോട്ടോര്‍വാഹനവകുപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

Revenue recovery against tax fake vehicles
Author
Trivandrum, First Published Oct 19, 2018, 12:01 PM IST

നികുതി അടയ്ക്കാത്ത വാഹനങ്ങളുടെ ഉടമകള്‍ക്കെതിരേ കര്‍ശന നടപടിക്ക് മോട്ടോര്‍വാഹനവകുപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നികുതി അടവില്‍ വീഴ്ചവരുത്തിയവര്‍ക്കുള്ള നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാത്തവരെയാണ് ആദ്യഘട്ടത്തില്‍ പിടികൂടുന്നതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സാധാരണയായി റോഡിലെ വാഹന പരിശോധനകളിലാണ് നികുതിയടയ്ക്കാത്ത വാഹനങ്ങള്‍ പിടിക്കപ്പെടാറുള്ളത്.  നികുതി അടച്ചില്ലെങ്കില്‍ ഡിമാന്‍റ് നോട്ടീസും അയയ്ക്കാറുണ്ട്. എന്നാല്‍ ജീവനക്കാരുടെ കുറവും മറ്റും മൂലം തുടര്‍നടപടികളണ്ടാകാറില്ല. ഇതിനെ തുടര്‍ന്നാണ് പുതിയ നടപടി.  കളക്ടര്‍ മുഖേന ഉടമയുടെ സ്ഥാവര ജംഗമവസ്തുക്കള്‍ ജപ്തിചെയ്യാനുള്ള അധികാരം ഉപയോഗിക്കാനാണ് നീക്കം.

പൊന്നാനി ജോയിന്‍റ് ആര്‍.ടി.ഓഫീസിന് കീഴിലാണ് ആദ്യഘട്ട നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുദിവസം മാത്രം 25 ലക്ഷം രൂപയുടെ റവന്യൂറിക്കവറി നടപടികളാണ് പൊന്നാനിയില്‍ മാത്രം സ്വീകരിച്ചത്. 

ഡിമാന്‍റ് നോട്ടീസ് മുഖേന അറിയിച്ചിട്ടും കൈപ്പറ്റാതിരിക്കുകയും കൈപ്പറ്റിയിട്ടും പ്രതികരിക്കാതെയുമുള്ള വാഹനഉടമകള്‍ക്കാണ് റവന്യൂറിക്കവറി നോട്ടീസ് അയയ്ക്കുന്നത്. ദീര്‍ഘകാലമായി ഉപയോഗിക്കാത്ത വാഹനങ്ങളും പോലീസ് സ്റ്റേഷനുകളിലും മറ്റും പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളും നടപടികള്‍ പൂര്‍ത്തിയാക്കി പൊളിച്ചുകളഞ്ഞ് ആര്‍.സി. റദ്ദാക്കുകയോ വാഹനം ഓടുന്നില്ലെങ്കില്‍ ജി ഫോറം സമര്‍പ്പിക്കുകയോ വേണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തിലാണ് റവന്യൂറിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു.  പൊന്നാനിയില്‍ തുടക്കമിട്ട നടപടികള്‍ വരുംദിവസങ്ങളില്‍ മറ്റ് ആര്‍ടി ഓഫീസുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios