കാല്‍പ്പന്തുകളിയില്‍ കേരളത്തിന്‍റെ മിന്നുംതാരം സി കെ വിനീത് ഔഡി കാര്‍ സ്വന്തമാക്കിയത് അടുത്തകാലത്താണ്. ഐഎസ്എല്ലിന്റെ നാലാം സീസണിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തിയ മൂന്നു താരങ്ങളിലൊരാളായ റിനോ ആന്റോയും ഔഡി സ്വന്തമാക്കിയതാണ് പുതിയ വാര്‍ത്ത. ഔഡിയുടെ ആഡംബര സെഡാൻ എ 4 ആണ് റിനോ സ്വന്തമാക്കിയത്.
ആഡംബര സെഡാനായ എ4ന് പെട്രോൾ, ഡീസൽ എൻജിൻ വകഭേദങ്ങളുണ്ട്. 1.4 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന പെട്രോൾ പതിപ്പിന് 148 പിഎസ് കരുത്തും 250 എൻഎം ടോർക്കും സൃഷ്ടിക്കാനാവും. 2 ലീറ്റർ എൻജിൻ കരുത്തു പകരുന്ന ഡീസൽ മോഡലിന് 188 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. ഏകദേശം 38.75 ലക്ഷം മുതൽ 41.87 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില.
ബെംഗളൂരുവിലെ ഔഡി ഡീലർഷിപ്പിൽ നിന്ന് എ4 സ്വന്തമാക്കിയ വിവരം റിനോ തന്നെയാണ് ആരാധകരെ അറിയിച്ചത്. വളരെ നാളായി കാണുന്നൊരു സ്വപ്നം യാഥാർത്ഥ്യമാക്കി എന്നാണു താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. കൂടാതെ സുഹൃത്തായ സികെ വിനീതിന്റെ കൂടെ ഔഡി ക്ലബിൽ അംഗമാകുന്നതിൽ സന്തോഷമുണ്ടെന്നും താരം അറിയിച്ചു. ബെംഗളൂരു എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തിയതാണ് ഈ തൃശൂരുകാരന്‍.
