മോട്ടോർ വാഹനം വകുപ്പ് നിയമം തുടർച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.  

കോഴിക്കോട് : റോബിൻ ബസ് സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു. ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റോബിൻ ബസ് കോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് നിരത്തിലിറങ്ങുന്നത്. മോട്ടോർ വാഹനം വകുപ്പ് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

റോബിൻ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹനവകുപ്പ് മുന്നോട്ട് പോകുകയാണ്. പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി. വാഹനത്തിന് എതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി ബസ് കസ്റ്റഡിയിലെടുത്തത്. 


റോബിൻ ബസിന്‍റേത് നിയമവിരുദ്ധ സ‍ർവ്വീസ് എന്ന് കെഎസ്ആർടിസി കോടതിയിൽ 

പത്തനംതിട്ടയിലെ റോബിൻ ബസിന്‍റേത് നിയമവിരുദ്ധ സ‍ർവ്വീസ് എന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരായ റോബിൻ ബസിന്റെ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി കോടതിയിൽ അപേക്ഷ നൽകി. കെഎസ്ആർടിസിക്കും, സംരക്ഷിത പെർമിറ്റുടമകൾക്കും മാത്രം സർവ്വീസ് നടത്താൻ അനുമതി ഉള്ള ദേശസാത്കൃത റൂട്ടിൽ റോബിൻ ബസ്സിനെ അനുവദിക്കരുതെന്ന് കെഎസ്ആർടിസി കോടതിയിൽ ആവശ്യപ്പെട്ടു. മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി രണ്ടാഴ്ച സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല അനുമതി നൽകിയിരുന്നു. പിന്നാലെയാണ് കെഎസ്ആർടിസി ഹൈക്കോടതിയിലെത്തിയത്.