ഈ സാമ്പത്തിക വര്‍ഷത്തില്‍ 600 കോടിയോളം വരുന്ന നിക്ഷേപം നടത്താനുള്ള പദ്ധതിയുമായി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് കമ്പനി. ചെന്നൈയില്‍ മൂന്നാമതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പുത്തന്‍ പ്ലാന്റിന്റെ വികസനത്തിനായിരിക്കും തുകയില്‍ ഭൂരിഭാഗവും ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

2017 സെപ്തംബറോടുകൂടി ഈ പ്ലാന്റിന്റെ പ്രവര്‍ത്തനമാരംഭിക്കും. രണ്ടു വര്‍ഷത്തിനകം ഈ മൂന്ന് പ്ലാന്റില്‍ നിന്നുമായി മൊത്തം 900,000 യൂണിറ്റുകള്‍ ഉല്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 35 ശതമാനം വര്‍ധനവോടെ 1,981കോടിയാണ് ഇതുവരെയായി ലഭിച്ചതില്‍ ഏറ്റവുമുയര്‍ന്ന ലാഭം. 250സിസിയും അതിനു മുകളിലുള്ള മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ 95 ശതമാനം വിപണിവിഹിതമുള്ള റോയല്‍ എന്‍ഫീല്‍ഡിന് മറ്റ് വിദേശ ബ്രാന്റില്‍ നിന്നും വലിയ തോതിലുള്ള മത്സരമൊന്നും നേരിടുന്നില്ല. വിദേശ ബ്രാന്റുകള്‍ ഒരു നിശ്ചിത എണ്ണത്തില്‍ മാത്രം വില്പന നടത്തുന്നതിലാണിത്.

ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിനാല്‍ ഒരു കോംപെറ്റേറ്റീവ് പ്രൈസില്‍ ഇറക്കാന്‍ സാധിക്കുന്നു എന്നതും കമ്പനിക്ക് ഗുണകരമാണ്. കമ്പനിയുടെ വിദേശത്തുള്ള സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി എല്ലാ വികസിത - അവികസിത രാജ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തില്‍ കൂടിയാണ്
റോയല്‍ എന്‍ഫീല്‍ഡ്.

ഇത്രയുംക്കാലം ഈ ഇന്ത്യന്‍ കമ്പനി വിദേശവിപണികളെ അത്ര ആശ്രയിച്ചിരുന്നില്ല. എന്നാലിപ്പോള്‍ അടുത്ത വര്‍ഷത്തോടുകൂടി 1520 പുതിയ റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതിയിട്ടിരിക്കുകയാണ്. ഇതിനു പുറമെ ഇന്തോനേഷ്യ, കോളംബിയ, തായ്‌ലാന്റ് എന്നിവിടങ്ങളിലേക്കും തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാനാണ് നീക്കം.