രാജ്യത്തെ ഐക്കണിക്ക് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍റായ റോയല്‍ എന്‍ഫീല്‍ഡ് കരുത്തു കൂടിയ പുത്തന്‍ ബുള്ളറ്റ് മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചുനാളായി. ആ വാര്‍ത്തകള്‍ ഇതാ സത്യമാകുന്നു. നവംബർ 7ന് മിലാനിൽ നടക്കുന്ന മോട്ടോർ ഷോയിൽ ​ 750 സിസി ബുള്ളറ്റിനെ കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇതിന് മുന്നോടിയായി വാഹനത്തിന്റെ എന്‍ജിന്‍ ശബ്ദം വെളിവാക്കുന്ന ടീസര്‍ റോയല്‍ എന്‍ഫീല്‍ഡ് മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ഥ് ലാല്‍ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചു. ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ച പുതിയ രണ്ട് മോഡലുകള്‍ റേസ് ട്രാക്കിലൂടെ ചീറിപായുന്നതാണ് ടീസറിലുള്ളത്.

റോയൽ എൻഫീൽഡി​​ന്‍റെ കഫേറേസർ ശ്രേണിയിലായിരിക്കും പുതിയ ബൈക്കി​​ന്‍റെ അരങ്ങേറ്റം. റോയൽ എൻഫീൽഡ് ഇന്നുവരെ നിർമിച്ചതിൽ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എൻജിനായിരിക്കും പുതിയത്. നിലവില്‍ നിരത്തിലുള്ള കോണ്‍ണ്ടിനെന്റല്‍ ജിടി മോഡലിന്റെ അടിസ്ഥാനത്തിലാകും 750 സിസി എന്‍ഫീല്‍ഡ് എന്നാണ് സൂചന. എയര്‍കൂള്‍ഡ് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനിലിറങ്ങുന്ന ആദ്യ വാഹനമാണിത്. പരമാവധി 50 എച്ച്പി കരുത്തും 60 എന്‍എം ടോര്‍ക്കുമേകുന്നതാകും എന്‍ജിന്‍. മുൻ പിൻ ടയറുകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാകും.

അഞ്ചു സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന ബൈക്കിൽ എബിഎസ് ഓപ്ഷണലായി ഉണ്ടായേക്കുമെന്നും യൂറോപ്യൻ വിപണി കൂടി മുന്നിൽകണ്ടു നിർമിക്കുന്ന ബൈക്കിനു യൂറോ 4 നിലവാരം ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡ്യൂവല്‍ എക്സ്ഹോസ്റ്റ്, ട്വിന്‍-പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഫീച്ചേഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ ലഭ്യമാകു.

നിലവില്‍ നിരവധി തവണ 750 സിസി എന്‍ഫീല്‍ഡിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ട്. പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750, ട്രയംഫ് ബോൺവില്ല തുടങ്ങിയ ബൈക്കുകളുമായി മൽസരിക്കാനെത്തുന്ന റോയൽ എൻഫീൽഡ് 750 ന്റെ പരമാവധി വേഗത 160 കീമി ആയിരിക്കും.

യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററിലാണ് ബൈക്ക് വികസിപ്പിച്ചത്. 2018 ആദ്യം പുതിയ ബൈക്ക് ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. 3.5 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെയായിരിക്കും വില.