കയറ്റം കയറാനാവാതെ കിതയ്‍ക്കുന്ന ബുള്ളറ്റ് വീഡിയോ വൈറല്‍

ബുള്ളറ്റെന്നാല്‍ ആരാധകര്‍ക്ക് ഒരു വികാരമാണ്. റോയല്‍ എന്‍ഫീല്‍ഡിന്‍റെ എല്ലാ മോഡലുകള്‍ക്കും ബുള്ളറ്റ് എന്നാണ് ഓമനപ്പേര്. ബുള്ളറ്റ് എന്നാല്‍ കരുത്തിന്‍റെ പ്രതീകമാണ്. ഈ ശ്രേണിയിലെ കരുത്തിന്‍റെ മൂര്‍ത്തരൂപമായിരുന്നു ഹിമാലയന്‍. ഏത് പ്രതലവും ഭൂപ്രദേശവും കീഴടക്കുന്ന വാഹനം എന്നായിരുന്നു ഹിമാലയന്‍റെ വിശേഷണങ്ങള്‍. ബജാജിന്‍റെ ഡൊമിനര്‍ പരാജയപ്പെടുന്നിടത്ത് അനയാസേനെ കുന്നുകയറിപ്പോകുന്ന ഹിമാലയന്‍റെ വീഡിയോ വൈറലായിടച്ട് രണ്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഈ വീഡിയോ ഹിമാലയന്‍റെയും എന്‍ഫീല്‍ഡിന്‍റെയും മാനം കെടുത്തുന്നതാണ്.

ചെങ്കുത്തായ മല കയറിവരുന്ന ഹീമാലയന്‍ പൂഴിമണ്ണില്‍ കിടന്നു ശ്വാസം മുട്ടുന്നതാണ് വീഡിയോ. റൈഡര്‍ പലതവണ മുന്നോട്ടു കുതിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം പരാജയപ്പെടുന്നു. ഒടുവില്‍ ആളുകള്‍ പിറകില്‍ നിന്നും ബൈക്കിനെ തള്ളിക്കയറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബൈക്കേഴ്‌സ് റയ്ഡ് ഇന്ത്യ എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍ ഹിമാലയൻ 2016 മാർച്ചിലാണ് ആദ്യമായി വിപണിയിലെത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ചെടുത്ത നിലവിലെ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഈ 411 സി സി എൻജിൻ 6500 ആർ പി എമ്മിൽ 24 ബി എച്ച് പി വരെ കരുത്തും 4250 ആർ പി എമ്മിൽ 32 എൻ എം വരെ ടോർക്കും സൃഷ്ടിക്കും. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.