നിലവില്‍ റോയല്‍ എന്‍ഫീല്‍ഡിന് ഇരുപത്തഞ്ചോളം ഡീലര്‍ഷിപ്പുകള്‍ ഓസ്‌ട്രേലിയയിലുണ്ട്. ഓസ്ട്രേലിയന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിനു കഴിയുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 2016ന്റെ ആദ്യ മൂന്നു പാദങ്ങളിലെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 63% വളര്‍ച്ചയാണു നേടിയതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. ബുള്ളറ്റ് ശ്രേണിയിലെ മികച്ച വാഹനങ്ങള്‍ക്കൊപ്പം പുതിയ ബ്രാന്‍ഡ് സ്‌റ്റോര്‍ കൂടിയാവുന്നതോടെ ഈ രാജ്യത്തു വില്‍പ്പന വീണ്ടും ഉയരുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

മെല്‍ബണ്‍ കൂടിയായതോടെ ആഗോളതലത്തില്‍ 19 ബ്രാന്‍ഡ് (കണ്‍സപ്റ്റ്) സ്‌റ്റോറുകളായി റോയല്‍ എന്‍ഫീല്‍ഡിന്. മില്‍വൗകി, ലണ്ടന്‍, പാരിസ്, ബാഴ്‌സലോന, മഡ്രിഡ്, വലന്‍ഷ്യ, ബൊഗോട്ട, മെഡലിന്‍, ദുബായ്, ജക്കാര്‍ത്ത, ബാങ്കോക്ക് നഗരങ്ങളിലെല്ലാം നിലവില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്രാന്‍ഡ് സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ നാലര ലക്ഷത്തോളം മോട്ടോര്‍ സൈക്കിളുകളാണു റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്. 2018 ആകുമ്പോഴേക്ക് ഉല്‍പ്പാദനം ഒന്‍പതു ലക്ഷത്തോളമാക്കി ഉയര്‍ത്താനാണു കമ്പനിയുടെ പദ്ധതി. ഓസ്‌ട്രേലിയന്‍ വിപണിയില്‍ ബുള്ളറ്റ് 500, ക്ലാസിക് 500, ക്ലാസിക് 350, ക്ലാസിക് ക്രോം 500, കോണ്ടിനെന്റല്‍ ജി ടി കഫേ റേസര്‍ 535 എന്നിവയ്‌ക്കൊപ്പം അടുത്തയിടെ പുറത്തിറക്കിയ ഹിമാലയന്‍ 410 ബൈക്കും കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നുണ്ട്.