സൗദിയിലെ പ്രധാന ഹൈവേകളിൽ ടോൾ ഏർപ്പെടുത്താൻ നീക്കം പൊതു ഗതാഗതത്തിനായി ബസുകൾ തദ്ദേശീയമായി നിർമ്മിക്കാനും നീക്കം

സൗദിയിലെ പ്രധാന ഹൈവേകളിൽ ടോൾ ഏർപ്പെടുത്താൻ ഗതാഗതവകുപ്പിന്റെ ആലോചന. വിദേശ സഹായത്തോടെ പൊതു ഗതാഗതത്തിനായി ബസുകൾ തദ്ദേശീയമായി നിർമ്മിക്കാനും സർക്കാർ തീരുമാനിച്ചു. ഗതാഗത സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങള്‍.

പൊതുഗതാഗത മേഖല മെച്ചപ്പെടുത്തുന്നത്തിന്‍റെ ഭാഗമായി സൗദിയില്‍ തന്നെ ബസുകള്‍ നിര്‍മിക്കാനാണ് സൗദി ഗതാഗത വകുപ്പിന്‍റെ തീരുമാനം. ഇതിനായി പ്രമുഖ വിദേശ ബസ് നിര്‍മാതാക്കളുമായി ചര്‍ച്ച ആരംഭിച്ചതായി ഗതാഗത മന്ത്രി നബീല്‍ അല്‍ അമൂദി അറിയിച്ചു. പുതിയ പദ്ധതികള്‍ പ്രകാരം രാജ്യത്ത് ആയിരക്കണക്കിന് ബസുകള്‍ ആവശ്യമുള്ള സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇത്രയും ബസുകള്‍ ഇറക്കുമതി ചെയ്യുന്നത് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ബസുകള്‍ രാജ്യത്തിനകത്ത് തന്നെ നിര്‍മിക്കുമ്പോള്‍ ചെലവ് കുറയ്ക്കുക എന്നതിനപ്പുറം നിരവധി തൊഴിലവസരങ്ങളും ഉണ്ടാകും. ഇതിനു പുറമേ സൗദിയിലെ പ്രധാന ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്താനും ഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്. നാല് മുതല്‍ ആറു വരെ റോഡുകളിലാണ് ആദ്യഘട്ടത്തില്‍ ടോള്‍ ഏര്‍പ്പെടുത്തുക. ഇതിന്‍റെ കരാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കും.

പുതിയ പദ്ധതികളുടെ കരട് രൂപം ആറു മാസത്തിനുള്ളില്‍ തയ്യാറാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഹറം പള്ളികളിലേക്ക് സര്‍വീസ് നടത്താനായി മാത്രം 'ടാക്സി അല്‍ ഹറം' എന്ന പേരില്‍ ആറു മാസത്തിനുള്ളില്‍ ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹറം പള്ളിക്ക് സമീപത്തും, വിമാനത്താവളത്തിനകത്തും ഈ ടാക്സികള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടാക്സി ബുക്ക്‌ ചെയ്യാനും പെയ്മെന്‍റ് നടത്താനുമെല്ലാം സൗകര്യം ഉണ്ടായിരിക്കും.