ഭര്‍ത്താവിനു വേണ്ടി അതിവേഗ ട്രെയിന്‍ തടഞ്ഞിട്ട സ്കൂള്‍ അധ്യാപികയെ പൊലീസി പിടികൂടി. ചൈനയിലാണ് സംഭവം. അന്‍ ഹൂയി പ്രവശ്യയിലെ ഹെഫീ റെയില്‍വേസ്റ്റേഷനിലാണ് സംഭവമെന്ന് ഷാങ്ങായിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ലുവോ ഹാലി എന്ന സ്ത്രീയാണ് ഭര്‍ത്താവ് 10 സെക്കന്‍ഡിനകം വരുമെന്ന് പറഞ്ഞ് ട്രെയിനിന്‍റെ ഓട്ടം തടസ്സപ്പെടുത്തിയത്. ഹൈസ്പീഡ് ട്രെയിനിന്‍റെ ഓട്ടോമാറ്റിക്ക് വാതില്‍ ബ്ലോക്ക് ചെയ്തായിരുന്നു ഇവരുടെ പരാക്രമം. ഇവരെ പിടിച്ചു മാറ്റാന്‍ കോച്ചിലെ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നതും ഇവര്‍ ബഹളം വയ്ക്കുന്നതും വീഡിയോയിലുണ്ട്. വാതില്‍ അടയ്ക്കാത്തതിനാല്‍ ഏറെനേരം ട്രെയിന്‍ മുന്നോട്ട് എടുക്കാനായില്ല.

എന്നാല്‍ ട്രെയിന്‍ സ്റ്റേഷനില്‍ 10 മിനുട്ടോളം നിര്‍ത്തിയിടുമെന്നാണ് താന്‍ കരുതിയതെന്നാണ് ഇവര്‍ പറയുന്നത്. ഒടുവില്‍ ലുവോ ഹാലിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടത്. ഇവര്‍ക്ക് 20,00 യുവാന്‍ (ഏകദേശം 19,500 രൂപ) പിഴ ചുമത്തിയെന്നാണ് റിപ്പോര്‍ട്ട്. ലുവോയെ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

എന്തായാലും ഈ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ ചൈനയില്‍ വൈറലാണ്. ടീച്ചര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. അതിവേഗ ട്രെയിന്‍ നിങ്ങളുടെ സ്വകാര്യ കാറാണെന്നു കരുതിയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. പിഴ തീരെ കുറഞ്ഞു പോയെന്നു വാദിക്കുന്നവരുമുണ്ട്.