റോഡപകടങ്ങള്‍ അത്യധികം ദു:ഖകരവും പേടിപ്പെടുത്തുന്നതുമാണെങ്കിലും ചിലപ്പോള്‍ ചിലരെയെങ്കിലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. അത്തരമൊരു അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സ്‍കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. വേഗതയില്‍ വന്ന സ്‍കൂട്ടറിനു മുന്നിലേക്ക് ഒരുപ കാര്‍ വളയക്കുകയും ഇതു കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്ത സ്‍കൂട്ടര്‍ തലകീഴായി മറിയുന്നതുമാണ് വീഡിയോയുടെ തുടക്കം. തെറിച്ചു വീഴുന്ന കുട്ടി ഉള്‍പ്പെടെയുള്ളവര്‍ വലിയ പരിക്കൊന്നുമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്.

പിന്നെയാണ് വീഡിയോയുടെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഭാഗം കടന്നുവരുന്നത്. മറിഞ്ഞു കിടക്കുന്ന സ്‍കൂട്ടര്‍ നിവര്‍ത്തിയ ഉടന്‍ റൈഡറെയും കൊണ്ട് അത് ഒറ്റയ്ക്ക് ഓടിപ്പോകുന്നതാണ് ഈ ഭാഗം. വണ്ടി നിവര്‍ത്തുന്നതിനു മുമ്പ് എഞ്ചിന്‍ ഓഫ് ചെയ്യാന്‍ മറന്നതാണ് ഇതിനുകാരണം. സ്‍കൂട്ടര്‍ നിര്‍ത്താന്‍ ഇദ്ദേഹം പരമാവധി ശ്രമിച്ചെങ്കിലും അതിവേഗതയില്‍ സ്‍കൂട്ടര്‍ ഇദ്ദേഹത്തെയും വലിച്ചു കൊണ്ട് നിര്‍ത്തിയിട്ട മറ്റുവാഹനങ്ങള്‍ക്ക് ഇടയിലൂടെ ഓടുകയായിരുന്നു. ഒടുവില്‍ ഇദ്ദേഹം ഹാന്‍ഡിലില്‍ നിന്നും പിടിവിടുന്നതും സ്‍കൂട്ടര്‍ കുറേദൂരം ഓടിയ ശേഷം ഒരു കാറില്‍ തട്ടി മറിഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സംഭവം നടന്നത് എവിടെയാണെന്ന് ഇതുവരെ വ്യക്തമല്ല.