റോഡിലൂടെ കാറോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മറ്റ് വാഹനങ്ങളെ മാത്രമല്ല വിമാനങ്ങളെക്കൂടി ശ്രദ്ധിക്കണമെന്നു വന്നാല്‍ എന്തു ചെയ്യും? സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ കണ്ട് പലരും ഇപ്പോള്‍ ചോദിക്കുന്ന ചോദ്യമാണിത്. റഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. റഷ്യയിലെ ചെച്‌നിയയിൽ തിരക്കുള്ള റോഡിലൂടെ ചെറു വിമാനം പറത്താൻ ശ്രമിച്ചപ്പോൾ സംഭവിച്ച അപകടമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ചെച്‌നിയയിലെ ഒരു ചെറു റോഡിലാണ് അപകടം. ടെയ്ക്ക് ഓഫ് ചെയ്യാൻ ആരംഭിച്ചപ്പോള്‍ നിയന്ത്രണം വിട്ട വിമാനം റോഡരികില്‍ നിര്‍ത്തിയിട്ട ഒരു വാനില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ ഭാഗ്യവശാൽ വാഹനത്തിലുണ്ടായിരുന്നവര്‍ക്കും വാഹനത്തിന്‍റെ പുറത്തായിരുന്നു. ഇടിയേറ്റ് ഇയാള്‍ തെറിച്ചു വീഴുന്നതും ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.
വിമാനം പറത്തിയ ആള്‍ക്ക് പൈലറ്റ് ലൈസൻസും ഇല്ലായിരുന്നുവെന്നും ഇയാള്‍ക്ക് വലിയ പരിക്കുകളില്ല എന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു യുവാവാണ് അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്‍തത്.
